തടാകങ്ങളുടെ നഗരം ഭയത്തിന്റെ നിഴലിലോ? അതിവേഗ വളർച്ചയ്ക്കൊപ്പം താനെയിൽ ക്രമസമാധാനം തകരുന്നതായി ആശങ്ക

by WhatsUp Mumbai

​മുംബൈ: ശാന്തസുന്ദരമായ അന്തരീക്ഷവും മനോഹരമായ തടാകങ്ങളും കൊണ്ട് ഒരിക്കൽ ‘തടാകങ്ങളുടെ നഗരം’ എന്ന് പ്രശസ്തിയാർജ്ജിച്ച താനെ, ഭീതിയുടെ നിഴലിലേക്ക് മാറുന്നതായി റിപ്പോർട്ട്. മുംബൈയോട് ചേർന്ന് അതിവേഗം വളരുന്ന ഈ മെട്രോ നഗരത്തിൽ അനധികൃത നിർമാണങ്ങളും സംഘടിത കുറ്റകൃത്യങ്ങളും പെരുകുകയാണ്. നഗരത്തിന്റെ ക്രമാതീതമായ വളർച്ചയ്ക്കൊപ്പം ക്രമസമാധാന നില പൂർണ്ണമായും തകിടം മറിഞ്ഞതായാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

താനെ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള 35 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2026 ഏപ്രിലിൽ മാത്രം 1,110 പ്രധാന കുറ്റകൃത്യങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. ഇതിൽ 223 മോഷണങ്ങൾ, 181 അതിക്രമങ്ങൾ, 137 തട്ടിക്കൊണ്ടുപോകലുകൾ, 70 സാമ്പത്തിക തട്ടിപ്പുകൾ, 59 സ്ത്രീപീഡനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 37 ബലാത്സംഗക്കേസുകളും, 23 കവർച്ചകളും, 5 കൊലപാതകങ്ങളും ഒറ്റമാസം കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നത് നഗരത്തിലെ സുരക്ഷാ ഭീഷണിയുടെ ആഴം വ്യക്തമാക്കുന്നു.

ആനന്ദ്‌നഗർ ചെക്‌നാക്ക മുതൽ ഘോഡ്ബന്ദർ റോഡ് വരെ നീളുന്ന താനെയുടെ നഗരവൽക്കരണം കരിഞ്ചന്തകൾക്കും മാഫിയകൾക്കും തഴച്ചുവളരാൻ മണ്ണൊരുക്കിയിരിക്കുകയാണ്. മസ്സാജ് സെന്ററുകൾ, സ്പാകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയുടെ മറവിൽ പെൺവാണിഭവും ലഹരി ഇടപാടുകളും വ്യാപകമാണ്. ഇതിന് പുറമെ, സോഷ്യൽ മീഡിയയും ഡിജിറ്റൽ ആപ്പുകളും കേന്ദ്രീകരിച്ച് വൻകിട സൈബർ സാമ്പത്തിക തട്ടിപ്പുകളും ഇവിടെ സജീവമാണ്.

റെയിൽവേ സ്റ്റേഷനുകൾ, താലാവോപാലി, പ്രാദേശിക മാർക്കറ്റുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ പോക്കറ്റടി പതിവുകാഴ്ചയായി മാറി. ജനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന കുപ്രസിദ്ധ ‘ഇറാനി ഗ്യാങ്’ ഇപ്പോഴും നഗരത്തിൽ സജീവമായി വിലസുകയാണ്. ഏപ്രിലിൽ ലഹരിമാഫിയകൾക്കെതിരെയും ചൂതാട്ട കേന്ദ്രങ്ങൾക്ക് എതിരെയും പോലീസ് 2,044 റെയ്ഡുകൾ നടത്തുകയും ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ, പോലീസ് നടപടി കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ഈ കേന്ദ്രങ്ങൾ വീണ്ടും സജീവമാകുന്നു എന്നാണ് പ്രദേശവാസികളുടെ പരാതി.

ആകാശമുട്ടുന്ന കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളുമായി താനെ വളരുമ്പോഴും, ഈ ക്രിമിനൽവൽക്കരണം നഗരത്തിന്റെ ഭാവിക്ക് വലിയൊരു താക്കീതാണ്. താൽക്കാലിക റെയ്ഡുകൾക്ക് അപ്പുറം ശക്തമായ സുരക്ഷാ പരിഷ്കരണങ്ങൾ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക, രഹസ്യാന്വേഷണ ശൃംഖല ശക്തമാക്കുക, ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുക എന്നിവയിലൂടെ മാത്രമേ താനെയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കൂ എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

You may also like