മുംബൈ: മുംബൈ നഗരത്തിന്റെ യാത്രാ ചരിത്രത്തിൽ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തെ അത്ഭുത വാട്ടർ മെട്രോ ബോട്ട് മുംബൈയിലെത്തി. സ്വീഡനിൽ നിന്ന് കപ്പൽ മാർഗ്ഗം എത്തിച്ച ‘കാൻഡെല’ (Candela P-12) എന്ന അത്ഭുത ബോട്ടാണ് ഇപ്പോൾ മുംബൈ തീരത്തണഞ്ഞിരിക്കുന്നത്. നിലവിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾക്കായി കാത്തുകിടക്കുന്ന ബോട്ട്, ഈ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ കമ്മീഷൻ ചെയ്യാനായി അതോറിറ്റിക്ക് കൈമാറും.
ലോകത്തെ ഏറ്റവും വേഗതയേറിയതും ദീർഘദൂര സർവീസ് നടത്താൻ ശേഷിയുള്ളതുമായ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയിൽ പാസഞ്ചർ ബോട്ടാണ് കാൻഡെല. വെള്ളത്തിന് മുകളിലൂടെ പറന്നുയർന്ന് പോകുന്ന (ഹൈഡ്രോഫോയിൽ) സാങ്കേതികവിദ്യയാണ് ഇതിന്റെ പ്രധാന ആകർഷണം. പരമ്പരാഗത ബോട്ടുകളെ അപേക്ഷിച്ച് ഊർജ്ജ ഉപഭോഗം 80 ശതമാനത്തോളം കുറവാണെന്നതാണ് ഇതിന്റെ സവിശേഷത. പരിസ്ഥിതി സൗഹൃദമായ ഈ ബോട്ട് പൂർണ്ണമായും ശബ്ദരഹിതവുമാണ്.
ആദ്യ ഘട്ടത്തിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയെയും നവി മുംബൈയിലെ ബേലാപ്പൂരിനെയും ബന്ധിപ്പിച്ചായിരിക്കും ഈ വാട്ടർ മെട്രോ സർവീസ് നടത്തുക. റോഡ് മാർഗ്ഗം മണിക്കൂറുകളോളം ട്രാഫിക്കിൽ കിടന്നു ശ്വാസം മുട്ടുന്ന മുംബൈക്കാർക്ക് വെറും 30 മിനിറ്റുകൊണ്ട് ഈ ദൂരം മറികടക്കാൻ കാൻഡെലയിലൂടെ സാധിക്കും. നഗരത്തിലെ യാത്രാക്ലേശത്തിന് ഇത് വലിയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തുന്നത്.
മുംബൈ പോർട്ട് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. നിലവിൽ എത്തിച്ചേർന്ന ആദ്യ ബോട്ടിന് പുറമെ, വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ കപ്പൽ മാർഗ്ഗം മുംബൈയിൽ എത്തിക്കും. കസ്റ്റംസ് അനുമതി ലഭിച്ചാലുടൻ ബോട്ടുകളുടെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും, വൈകാതെ തന്നെ മുംബൈക്കാർക്ക് വെള്ളത്തിന് മുകളിലൂടെയുള്ള ഈ രാജകീയ യാത്ര സ്വന്തമാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.