കത്തിയമർന്ന് ബെസ്റ്റ് ബസുകൾ; മുംബൈയിൽ തുടർച്ചയായ മൂന്നാം ദിവസവും തീപിടിത്തം, സ്വകാര്യ കരാറുകാരുടെ വീഴ്ചയോ? ആശങ്കയിൽ യാത്രക്കാർ

by WhatsUp Mumbai

​മുംബൈ: മഹാനഗരത്തിലെ പൊതുഗതാഗത സംവിധാനമായ ‘ബെസ്റ്റ്’ (BEST) ബസുകൾ ഒന്നിനുപിറകെ ഒന്നായി അഗ്നിക്കിരയാകുന്നത് യാത്രക്കാരെയും അധികൃതരെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നു. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ ബസിനാണ് മുംബൈയിൽ തീപിടിച്ചത്. ചൊവ്വാഴ്ച പുലർച്ചെ സാന്താക്രൂസ് ഡിപ്പോയിലുണ്ടായ അപകടത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സ്വകാര്യ കരാറുകാർ നടത്തുന്ന ബസുകളുടെ അറ്റകുറ്റപ്പണികളിലെ ഗുരുതരമായ വീഴ്ചയാണ് തുടർച്ചയായുണ്ടാകുന്ന ഈ അപകടങ്ങൾക്ക് പിന്നിലെന്ന ആക്ഷേപം ശക്തമാവുകയാണ്.

ചൊവ്വാഴ്ച പുലർച്ചെ 2:45ഓടെ സാന്താക്രൂസ് ഡിപ്പോയ്ക്കുള്ളിലായിരുന്നു ഒടുവിലത്തെ സംഭവം. ‘മാതോശ്രീ അർബൻ ട്രാൻസ്പോർട്ട്’ എന്ന സ്വകാര്യ കരാർ കമ്പനിയുടെ കീഴിൽ സർവീസ് നടത്തുന്ന എം.എച്ച് 01 സി.ഡി 7762 നമ്പരുള്ള ബസാണ് കത്തിയമർന്നത്. ക്ലച്ച് തകരാറിനെ തുടർന്ന് ഡിപ്പോയിൽ അറ്റകുറ്റപ്പണി നടത്തിവരികയായിരുന്നു ഈ ബസ്. പണി പൂർത്തിയാക്കി ഡീസൽ അടിക്കാനായി ഡിപ്പോയിലെ ഫ്യുവൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ ഡ്രൈവർമാരുടെ കാബിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് വൻ തീപിടിത്തത്തിന് കാരണമായത്.

ബസിനുള്ളിൽ ആളില്ലാതിരുന്നതും ഡിപ്പോയ്ക്കുള്ളിൽ വച്ചാണ് സംഭവം നടന്നതും വലിയൊരു ദുരന്തം ഒഴിവാക്കി. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ ഇരുപതോളം അഗ്നിശമന ഉപകരണങ്ങൾ (Fire Extinguishers) ഉപയോഗിച്ച് പ്രാഥമികമായി തീ അണയ്ക്കാൻ ശ്രമിച്ചു. തുടർന്ന് പുലർച്ചെ 3:10ഓടെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം വാട്ടർ ജെറ്റുകൾ ഉപയോഗിച്ചാണ് പൂർണ്ണമായും തീ നിയന്ത്രണവിധേയമാക്കിയത്.

 *തുടർക്കഥയാകുന്ന* *അപകടങ്ങൾ* ; *ഭീതിയിൽ* *യാത്രക്കാർ* 

​കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബെസ്റ്റ് ബസുകൾക്ക് തീപിടിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഞായറാഴ്ച രാത്രി വൈകി സയണിലെ പ്രതീക്ഷാനഗർ ഡിപ്പോയിൽ മാതോശ്രീ കമ്പനിയുടെ തന്നെ രണ്ട് സി.എൻ.ജി ബസുകളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ കത്തിയമർന്നത്. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ മഗാത്താനെ ഡിപ്പോയ്ക്ക് സമീപം സർവീസ് നടത്തുകയായിരുന്ന മറ്റൊരു ബെസ്റ്റ് ബസിൽ നിന്നും പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചിരുന്നു.
​തുടർച്ചയായുണ്ടാകുന്ന ഈ അപകടങ്ങൾ സ്വകാര്യ കമ്പനികളുടെ ബസ് പരിപാലനത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. സംഭവത്തിൽ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കടുത്ത സുരക്ഷാ വീഴ്ച വരുത്തിയ കരാറുകാർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.

You may also like