മുംബൈ: മഹാരാഷ്ട്രയിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാകുന്നതായി പുതിയ കണക്കുകൾ. ഈ വർഷത്തിന്റെ (2026) ആദ്യ നാല് മാസങ്ങളിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ റോഡപകട മരണങ്ങളിൽ 8 ശതമാനത്തിന്റെ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗതാഗത വകുപ്പ് ശക്തമാക്കിയ കർശന പരിശോധനകളും എഐ ക്യാമറകൾ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുമാണ് അപകട നിരക്ക് കുറയ്ക്കാൻ സഹായിച്ചതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഇതേ കാലയളവിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ 448 പേരുടെ കുറവുണ്ടായതായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഭരത് കലാസ്കർ വ്യക്തമാക്കി. ഇതോടൊപ്പം ആകെ അപകടങ്ങളുടെ എണ്ണത്തിലും 2 ശതമാനത്തോളം കുറവു വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യ നാല് മാസങ്ങളിൽ 12,610 അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഈ വർഷം അത് 12,389 ആയി കുറഞ്ഞു.
അപകട മരണങ്ങൾ കുറഞ്ഞെങ്കിലും നിയമലംഘകരുടെ എണ്ണത്തിൽ ഇപ്പോഴും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് മാത്രം ഏകദേശം 3 ലക്ഷത്തോളം പേരെയാണ് അധികൃതർ കൈയോടെ പിടികൂടിയത്. ഇതോടൊപ്പം അമിതവേഗതയ്ക്ക് 22,360 കേസുകളും, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 18,172 കേസുകളും, ബൈക്കിലെ മൂന്ന് പേർ യാത്ര ചെയ്തതിന് 7,145 കേസുകളും ഈ നാല് മാസത്തിനിടെ മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വാഷിം ജില്ലയിലാണ് അപകട മരണങ്ങളിൽ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയത് (37%). ബീഡ്, നാഗ്പൂർ എന്നീ ജില്ലകൾ 29% കുറവോടെ തൊട്ടുപിന്നാലെയുണ്ട്. മുംബൈ-പൂനെ എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള പ്രധാന ഹൈവേകളിൽ സ്ഥാപിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവും ആർടിഒയുടെ പ്രത്യേക സ്ക്വാഡുകളും നിരത്തിലിറങ്ങിയതോടെയാണ് വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിച്ചതെന്നും 2026 അവസാനത്തോടെ അപകട നിരക്ക് ഇനിയും വലിയ തോതിൽ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.