ചൂടിൽ വലഞ്ഞ് മഹാരാഷ്ട്ര; അസഹനീയമായ ഉഷ്ണതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്, പകൽ യാത്രകളിൽ ജാഗ്രത വേണം

by WhatsUp Mumbai

​മുംബൈ: മഹാരാഷ്ട്രയിൽ വരും ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗത്തിന് (Heatwave) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. മുംബൈ അടക്കമുള്ള തീരദേശ മേഖലകളിൽ കനത്ത ചൂടിനൊപ്പം അസഹനീയമായ ഈർപ്പമുള്ള (Hot and Humid) കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്. നഗരത്തിൽ പകൽ താപനില പലയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർന്നതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, രത്നഗിരി തുടങ്ങിയ തീരദേശ മേഖലകൾക്ക് പുറമെ ധൂലെ, ജൽഗാവ്, നാസിക്, അഹമ്മദ്‌നഗർ, സോലാപൂർ, ഔറംഗബാദ്, ബീഡ്, ന नांदेड, അകോല, അമരാവതി, യവത്മാൽ തുടങ്ങി സംസ്ഥാനത്തെ 23 ജില്ലകളിലാണ് നിലവിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസും കടന്ന് മുന്നേറുകയാണ്.

പകൽ സമയത്തെ കടുത്ത ചൂടിന് പുറമെ, മുംബൈയിൽ രാത്രികാലങ്ങളിലും അന്തരീക്ഷ താപനില സാധാരണയേക്കാൾ ഉയർന്ന നിലയിൽ തുടരുന്നത് ജനങ്ങളെ കൂടുതൽ വലയ്ക്കുന്നുണ്ട്. ഉയർന്ന ഹുമിഡിറ്റി (അന്തരീക്ഷ ഈർപ്പം) കാരണം അനുഭവപ്പെടുന്ന അത്യുഷ്ണം ശരീരത്തിന് കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതായാണ് റിപ്പോർട്ടുകൾ.

അതിനിടെ സംസ്ഥാനത്തിന്റെ ചില ഉൾപ്രദേശങ്ങളിൽ നേരിയ മേഘാവൃതമായ അന്തരീക്ഷവും ചെറിയ തോതിലുള്ള മഴയും താൽക്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും, വരും ദിവസങ്ങളിൽ ചൂട് ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും, നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

You may also like