കണ്ണീരൊപ്പി ആർപിഎഫ്; വഴിതെറ്റിയ 113 കുരുന്നുകളെ മാതാപിതാക്കളുടെ അരികിലെത്തിച്ചു, പാളത്തിൽ പൊലിഞ്ഞുപോകുമായിരുന്ന ആറു ജീവനുകൾക്ക് പുതുജന്മം!

by WhatsUp Mumbai

​മുംബൈ: റെയിൽവേ സ്റ്റേഷനുകളിലെ തിരക്കുകൾക്കിടയിൽ വഴിതെറ്റിപ്പോയ 113 കുരുന്നുകളെ മാതാപിതാക്കളുടെ സുരക്ഷിത കരങ്ങളിൽ തിരിച്ചേൽപ്പിച്ച് സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF). ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ എന്ന പദ്ധതിയുടെ ഭാഗമായി മുംബൈ ഡിവിഷനിലാണ് ആർപിഎഫിന്റെ ഈ സമാനതകളില്ലാത്ത കാരുണ്യസ്പർശം. കുട്ടികളെ സുരക്ഷിതരായി വീട്ടിലെത്തിച്ചതിന് പുറമേ, റെയിൽവേ ട്രാക്കുകളിൽ ജീവൻ അപകടത്തിലായ ആറുപേരെ കൃത്യസമയത്ത് ഇടപെട്ട് രക്ഷപ്പെടുത്താനും ആർപിഎഫ് ജവാന്മാർക്ക് കഴിഞ്ഞു.

റെയിൽവേ സ്റ്റേഷനുകളിൽ ഒറ്റപ്പെട്ടുപോയ 73 ആൺകുട്ടികളെയും 40 പെൺകുട്ടികളെയുമാണ് റെയിൽവേ ചൈൽഡ് ലൈൻ പോലുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആർപിഎഫ് രക്ഷപെടുത്തിയത്. വീട്ടുകാരോട് പിണങ്ങിയിറങ്ങിയവരും വഴിതെറ്റിപ്പോയവരുമാണ് ഇവരിൽ ഭൂരിഭാഗവും. വിദഗ്ദ്ധരായ കൗൺസിലർമാരുടെ സഹായത്തോടെ ഇവരുടെ മാനസികവിഷമം മാറ്റിയ ശേഷമാണ് മാതാപിതാക്കളെ കണ്ടെത്തി കൈമാറിയത്.

കുട്ടികളെ കണ്ടെത്തുന്നതിനൊപ്പം തന്നെ സ്റ്റേഷനുകളിൽ അപകടത്തിൽപ്പെട്ട ആറുപേരുടെ ജീവനാണ് റെയിൽവേ പോലീസ് കാത്തുസൂക്ഷിച്ചത്. ‘മിഷൻ ജീവൻ രക്ഷ’ എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ ജീവൻരക്ഷാ ദൗത്യങ്ങൾ. ചലിച്ചുകൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴും അശ്രദ്ധമായി ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴും പാളത്തിലേക്ക് വീണുപോയവരെയാണ് ആർപിഎഫ് ഉദ്യോഗസ്ഥർ സ്വന്തം ജീവൻ പണയം വെച്ച് കോരിയെടുത്തത്.
​റെയിൽവേ സ്റ്റേഷനുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാരുടെ ജീവനും സ്വത്തിനും കാവലാകാൻ ആർപിഎഫ് എപ്പോഴും സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. ആർപിഎഫ് ജവാന്മാരുടെ ഈ മാതൃകാപരമായ സേവനത്തിന് സമൂഹമാധ്യമങ്ങളിലും റെയിൽവേ വൃത്തങ്ങളിലും വലിയ രീതിയിലുള്ള പ്രശംസയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

You may also like