മുംബൈ: രാജ്യസഭയിലെ രണ്ട് ഒഴിവുകളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും എൻസിപി നേതാവുമായ സുനേത്ര പവാർ രാജിവെച്ച ഒഴിവിലേക്കുള്ള വോട്ടെടുപ്പ് ജൂൺ 18-ന് നടക്കും. തമിഴ്നാട്ടിൽ നിന്നുള്ള സി. വി. ഷൺമുഖം രാജിവെച്ച ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പും ഇതേ ദിവസമാണ് നടക്കുക.
ഇക്കഴിഞ്ഞ മെയ് 6-നാണ് സുനേത്ര പവാർ രാജ്യസഭാംഗത്വം രാജിവെച്ചത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് സുനേത്ര പവാറും സി. വി. ഷൺമുഖവും രാജ്യസഭാ സീറ്റുകൾ ഒഴിഞ്ഞത്. 2028 ജൂലൈ 4 വരെ കാലാവധിയുണ്ടായിരുന്ന സീറ്റിലാണ് സുനേത്രയുടെ രാജിയോടെ ഇപ്പോൾ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.
ജൂൺ 1-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂൺ 8 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മപരിശോധന ജൂൺ 9-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 11 ആണ്. ജൂൺ 18-ന് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. അന്നുതന്നെ വൈകിട്ട് 5 മണിക്ക് വോട്ടെണ്ണൽ നടക്കും. ജൂൺ 20-ഓടെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും.
എംഎൽഎമാർ വോട്ട് രേഖപ്പെടുത്തുന്ന തെരഞ്ഞെടുപ്പിനായി കർശന മാർഗ്ഗനിർദ്ദേശങ്ങളാണ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ളത്. വോട്ട് രേഖപ്പെടുത്താൻ റിട്ടേണിംഗ് ഓഫീസർ നൽകുന്ന പ്രത്യേക വയലറ്റ് സ്കെച്ച് പെൻ മാത്രമേ ഉപയോഗിക്കാവൂ. മറ്റ് പേനകൾ ഉപയോഗിച്ചാൽ വോട്ട് അസാധുവാകും. തെരഞ്ഞെടുപ്പ് സുതാര്യവും നിഷ്പക്ഷവുമായി നടത്താൻ പ്രത്യേക നിരീക്ഷകരെ നിയോഗിക്കുമെന്നും കമ്മീഷൻ അറിയിച്ചു. മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിലിലെ (MLC) 17 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പും ഇതേ ദിവസം (ജൂൺ 18) തന്നെയാണ് നടക്കുന്നത് എന്നതിനാൽ മഹാരാഷ്ട്ര രാഷ്ട്രീയം വരും ദിവസങ്ങളിൽ കടുത്ത പോരാട്ടങ്ങൾക്ക് വേദിയാകും.