മുംബൈ: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന രാജ്യത്തിന് ആശ്വാസമേകി തെക്കുപടിഞ്ഞാറൻ കാലവർഷം ഇത്തവണ നിശ്ചിത സമയത്തിനും മുൻപേ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം. സാധാരണയായി ജൂൺ ഒന്നിന് കേരളത്തിലെത്താറുള്ള മൺസൂൺ, ഇത്തവണ മെയ് 26-ഓടെ തന്നെ കേരള തീരത്ത് എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ വരും ദിവസങ്ങളിൽ രാജ്യത്ത് കനത്ത വേനൽമഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.
കേരളത്തിൽ കാലവർഷം നേരത്തെയെത്തുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്കും ഇത്തവണ മൺസൂൺ നേരത്തെ പ്രവേശിക്കും. സാധാരണ ജൂൺ 10-ഓടെ എത്താറുള്ള മഴ, ഇത്തവണ ജൂൺ 6-ഓടെ തന്നെ മുംബൈ നഗരത്തെയും പരിസര പ്രദേശങ്ങളെയും കുളിരണിയിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രാഥമിക നിഗമനം. മൺസൂൺ എത്തുന്നതിന് മുന്നോടിയായുള്ള പ്രീ-മൺസൂൺ മഴ ജൂൺ ആദ്യവാരം തന്നെ നഗരത്തിൽ സജീവമാകും.
മെയ് 19 ഓടെ തന്നെ തെക്കൻ ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും കാലവർഷം എത്തിച്ചേരാൻ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ നേരത്തെയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ആൻഡമാനിൽ മൺസൂൺ സജീവമാകുന്നതോടെ വരും ദിവസങ്ങളിൽ രാജ്യത്തുടനീളം ചൂടിന് വലിയ ശമനമുണ്ടാകും.
ഇത്തവണ പസഫിക് സമുദ്രത്തിലെ ‘ലാ നിനാ’ പ്രതിഭാസത്തിന്റെ സ്വാധീനം കാരണം രാജ്യത്ത് സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് (Above Normal Rains) സ്കൈമെറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ കാലാവസ്ഥാ ഏജൻസികളും പ്രവചിക്കുന്നത്. മുംബൈയിൽ കാലവർഷം നേരത്തെയെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നഗരത്തിലെ ഓടകൾ വൃത്തിയാക്കലും വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള മൺസൂൺ മുന്നൊരുക്കങ്ങൾ ദ്രുതഗതിയിലാക്കാൻ ബിഎംസി (BMC) അധികൃതർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.