നവി മുംബൈയിൽ ‘പിങ്ക് വസന്തം’; തണ്ണീർത്തടങ്ങൾ കീഴടക്കി ആയിരക്കണക്കിന് ഫ്ലെമിംഗോ പക്ഷികൾ, അപൂർവ ദൃശ്യവിരുന്ന്‌

by WhatsUp Mumbai

മുംബൈ: പ്രകൃതി ഒരുക്കിയ അപൂർവമായ പിങ്ക് വസന്തത്തിന് സാക്ഷ്യം വഹിച്ച് നവി മുംബൈ. നെരൂളിലെ എൻആർഐ കോംപ്ലക്സിന് സമീപമുള്ള തണ്ണീർത്തടങ്ങളിലേക്ക് ആയിരക്കണക്കിന് ഫ്ലെമിംഗോ (ദേശാടന പക്ഷികൾ) പക്ഷികൾ കൂട്ടത്തോടെ എത്തിയതോടെ പ്രദേശം ഒന്നാകെ പിങ്ക് കടലായി മാറി. കൺകുളിർക്കുന്ന ഈ അപൂർവ ദൃശ്യം കാണാനും ക്യാമറകളിൽ പകർത്താനുമായി നൂറുകണക്കിന് പക്ഷിനിരീക്ഷകരും ഫോട്ടോഗ്രാഫർമാരുമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. നഗരത്തിന്റെ പശ്ചാത്തലത്തിൽ, കണ്ടൽക്കാടുകൾക്കിടയിലൂടെ തണ്ണീർത്തടങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പക്ഷികളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമാവുകയാണ്.

സാധാരണയായി നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് മുംബൈയിലേക്കും നവി മുംബൈയിലേക്കും ഈ വിദേശ അതിഥികൾ എത്താറുള്ളത്. എന്നാൽ ഇത്തവണ ഏപ്രിൽ, മേയ് മാസങ്ങളിലും ഇവ ഈ പ്രദേശങ്ങളിൽ സജീവമായി തുടരുന്നത് പ്രകൃതിസ്നേഹികളിൽ കൗതുകമുണർത്തിയിട്ടുണ്ട്. ഗുജറാത്തിലെ കനത്ത ജലലഭ്യതയും മാറിമറിയുന്ന കാലാവസ്ഥയുമാണ് ഇത്തവണ പക്ഷികളുടെ വരവ് വൈകാനും വേനലിലും ഇവിടെ തുടരാനും കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സെൻട്രൽ ഏഷ്യൻ ഫ്ലൈവേ വഴി ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇസ്രായേൽ എന്നിവടങ്ങളിൽ നിന്നും ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്നുമാണ് ഇവ പ്രധാനമായും കുടിയേറുന്നത്.

ഗുജറാത്തിൽ നിന്നും പറന്നിറങ്ങുന്ന ഈ പക്ഷികൾ മുംബൈയിലെ തണ്ണീർത്തടങ്ങളിലെ പായലുകളും (ആൽഗകൾ), ചെറിയ ചെമ്മീനുകളുമാണ് പ്രധാനമായും ആഹാരമാക്കുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന ‘കരോട്ടിനോയിഡ്’ എന്ന ഘടകമാണ് ഈ പക്ഷികൾക്ക് ആകർഷകമായ പിങ്ക് നിറം നൽകുന്നത്. പാം ബീച്ച് റോഡ്, നെരൂളിലെ എൻആർഐ തണ്ണീർത്തടങ്ങൾ, കാരവെ ഫ്ലെമിംഗോ പോയിന്റ്, ബേലാപ്പൂർ ക്രീക്ക് എന്നിവടങ്ങളിലാണ് ഇപ്പോൾ പക്ഷികളെ വ്യാപകമായി കാണാൻ സാധിക്കുന്നത്. കൂടാതെ 1,690 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന താനെ ക്രീക്ക് ഫ്ലെമിംഗോ സങ്കേതവും പക്ഷികളെ അടുത്തറിയാൻ എത്തുന്നവരുടെ പ്രധാന കേന്ദ്രമാണ്.

രാവിലെ 6:30 മുതൽ 9:00 വരെയുള്ള സമയവും വൈകുന്നേരം 4:30 മുതൽ 6:00 വരെയുള്ള സമയവുമാണ് ഈ ദൃശ്യവിരുന്ന് ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. ഈ സമയങ്ങളിൽ വേലിയേറ്റം കുറവായതിനാൽ പക്ഷികൾക്ക് തണ്ണീർത്തടങ്ങളിൽ നിന്നും ഇരതേടാൻ എളുപ്പമാണ്. കോൺക്രീറ്റ് കാടുകൾക്കിടയിലും മുംബൈയുടെ ജൈവവൈവിധ്യത്തിന്റെ മനോഹാരിത വിളിച്ചോതുന്നതാണ് ഈ വാർഷിക പക്ഷിവിരുന്ന്.

You may also like