രത്നഗിരി: കൊങ്കൺ റെയിൽവേ പാളത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ വിവരങ്ങൾ ലഭ്യമായി. കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലം, ചാത്തൻകോട് നട സ്വദേശി ബിജു.പി.എം (48) ആണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. കുമാരന്റെ മകനാണ്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള ചിപ്ലൂൺ കാംഥെ (Kamthe) റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും കഴിഞ്ഞ മെയ് 10-നാണ് തദ്ദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. നിലവിൽ കാംഥെ സബ് ഡിസ്ട്രിക്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഭൗതികശരീരം.
മൃതദേഹത്തിൽ നിന്നും തിരിച്ചറിയൽ രേഖകളൊന്നും തന്നെ ലഭിക്കാതിരുന്നത് തുടക്കത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ പക്കൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോണും, മെയ് ഒന്നിന് മുംബൈ എൽ.ടി.ടി (LTT) സ്റ്റേഷനിൽ നിന്നും കോഴിക്കോട്ടേക്ക് എടുത്ത അൺറിസർവ്ഡ് ടിക്കറ്റും കേന്ദ്രീകരിച്ച് റെയിൽവേ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
രത്നഗിരി റെയിൽവേ സ്റ്റേഷനിലെ ജി.ആർ.പി (GRP) ഉദ്യോഗസ്ഥനായ രഞ്ജിത് പാട്ടീലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്. രത്നഗിരിയിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും കൊങ്കൺ യാത്രാവേദി കൂട്ടായ്മയിലെ അംഗവുമായ ജീവൻ നായരുടെ സജീവമായ സഹകരണവും ഈ ശ്രമങ്ങൾക്ക് തുണയായി. ബിജുവിന്റെ മൊബൈൽ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റ് പരിശോധിച്ച് ഉദ്യോഗസ്ഥർ വിവിധ നമ്പറുകളിൽ ബന്ധപ്പെട്ടിരുന്നു. ഇതിൽ നിന്നും ലഭിച്ച ഒരു നമ്പർ ദുബായിലെ ‘മദീന സൂപ്പർ മാർക്കറ്റ്’ ഉടമ മുഹമ്മദ് യാസിന്റേതായിരുന്നു. യാസിൻ നൽകിയ കൃത്യമായ വിവരങ്ങളാണ് ജി.ആർ.പി/പോലീസ് സംഘത്തിന് ബിജുവിന്റെ നാട്ടിലെ ബന്ധുക്കളെ വേഗത്തിൽ കണ്ടെത്താൻ സഹായകരമായത്.
ദുബായിൽ നിന്നും വിസാനടപടികളിലെ സാങ്കേതികതകൾ കാരണം ഡീപോർട്ട് (Deport) ചെയ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 30-നാണ് ബിജു മുംബൈയിൽ എത്തിയത്. ട്രെയിൻ മാർഗ്ഗം നാട്ടിലേക്ക് തിരിക്കുകയാണെന്ന് ഭാര്യയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു.
മരണവിവരമറിഞ്ഞ ബിജുവിന്റെ അടുത്ത ബന്ധുക്കൾ ഇന്ന് (16/05/2026) വൈകിട്ടോടെ ട്രെയിൻ മാർഗ്ഗം രത്നഗിരിയിലേക്ക് തിരിക്കും. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഉൾപ്പെടെയുള്ള മെഡിക്കൽ-നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ഭൗതികശരീരം ചിപ്ലൂൺ കാംഥെയിൽ തന്നെ സംസ്കരിക്കാനാണ് ബന്ധുക്കൾ നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായുണ്ടായ ഈ വിയോഗത്തിൽ പരേതന്റെ കുടുംബാംഗങ്ങളുടെ അഗാധമായ ദുഃഖത്തിൽ പങ്കുചേരുന്നതായി കൊങ്കൺ യാത്രാവേദി ഭാരവാഹികൾ അറിയിച്ചു.