ചുട്ടുപൊള്ളുന്ന മുംബൈ; സൂര്യൻ കലിപ്പിലാണ്! വിയർത്തുരുകാതിരിക്കാൻ ഭക്ഷണത്തിൽ വേണം ഈ ‘കൂൾ’ മാറ്റങ്ങൾ

by admin

മുംബൈ: മഹാനഗരം ഒരു വലിയ ചൂളയായി മാറുകയാണ്. മുംബൈ നഗരത്തിലും അയൽജില്ലകളായ താനെ, പാൽഘർ എന്നിവിടങ്ങളിലും സൂര്യൻ തീ തുപ്പുന്ന അവസ്ഥയാണ് നിലവിലുള്ളത്. പുലർച്ചെ തന്നെ താപനില 31 ഡിഗ്രി സെൽഷ്യസ് കടക്കുന്നത് നഗരവാസികളെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കുന്നു. വരും ദിവസങ്ങളിലും ചൂട് കനക്കുമെന്നും ഉഷ്ണതരംഗത്തിന് (Heatwave) സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

ഈ സാഹചര്യത്തിൽ ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാൻ ഭക്ഷണക്രമത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അനുഭവങ്ങൾ സംസാരിക്കുമ്പോൾ

​”രാവിലെ 8 മണിക്ക് തന്നെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ട്രെയിനിലെ തിരക്കും അന്തരീക്ഷത്തിലെ ഈർപ്പവും കൂടിയാകുമ്പോൾ ശ്വാസം മുട്ടുന്നതുപോലെ തോന്നും,” കുർളയിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് രാഹുൽ തന്റെ അനുഭവം പങ്കുവെച്ചു.

മലയാളി വീട്ടമ്മയായ ബിന്ദു സജീവ്

“കുട്ടികളെ സ്കൂളിൽ വിടാനും സാധനങ്ങൾ വാങ്ങാൻ പുറത്തു പോകാനും ഇപ്പോൾ ഭയമാണ്. വെയിലത്ത് ഇറങ്ങിയാൽ അപ്പോൾത്തന്നെ തലകറക്കം വരും. മുംബൈയിലെ ഈ ഈർപ്പമുള്ള ചൂടിൽ വല്ലാതെ വിയർക്കും. പുറത്തുപോയി വന്നാൽ പിന്നെ ഒന്നും ചെയ്യാൻ വയ്യാത്ത അത്രയും ക്ഷീണമാണ്,” താനെയിൽ താമസിക്കുന്ന ബിന്ദു പറയുന്നു.

പച്ചക്കറി വിൽപ്പനക്കാരനായ പാണ്ഡുരംഗ്

രാവിലെ 11 മണി കഴിയുമ്പോൾ തന്നെ പച്ചക്കറികളെല്ലാം വാടിപ്പോകുന്നു. അവ ഫ്രഷ് ആയി ഇരിക്കാൻ ഇടയ്ക്കിടെ വെള്ളം തളിക്കണം. പക്ഷെ ഞങ്ങളുടെ അവസ്ഥയോ? ഉച്ചയാകുമ്പോൾ റോഡിൽ നിൽക്കാൻ വയ്യാത്ത ചൂടാണ്. കുട പിടിച്ചാലും പൊള്ളുന്ന കാറ്റാണ് വരുന്നത്. കച്ചവടം പോലും പകുതിയായി കുറഞ്ഞു,” താനെയിൽ പച്ചക്കറി വിൽപ്പനക്കാരൻ പാണ്ഡുരംഗ് തന്റെ സങ്കടം പങ്കുവെച്ചു.

വേനലിൽ അമൃതാകുന്ന ഭക്ഷണങ്ങൾ

ശരീരത്തിന് തണുപ്പേകുന്ന പച്ചക്കറികളും പഴങ്ങളും ഈ ദിവസങ്ങളിൽ ഭക്ഷണത്തിന്റെ ഭാഗമാക്കണം:

തണ്ണിമത്തനും വെള്ളരിക്കയും

ജലാംശം ധാരാളമുള്ള ഇവ ശരീരത്തിലെ നിർജ്ജലീകരണം തടയാൻ ഉത്തമമാണ്.

കുമ്പളങ്ങയും ചീരയും

പ്രകൃത്യാ തണുപ്പുള്ള കുമ്പളങ്ങയും ചീരയും ഈ സമയത്ത് ശീലമാക്കുന്നത് വയറിന് ആശ്വാസം നൽകും. ചീരയിലെ പോഷകങ്ങൾ ചൂടുകാലത്തെ ക്ഷീണം മാറ്റാൻ സഹായിക്കും.

മോരും കരിക്കിൻ വെള്ളവും

ശരീരത്തിലെ താപനില ക്രമീകരിക്കാൻ സംഭാരവും (മോര് വെള്ളം) പ്രകൃതിയുടെ പാനീയമായ കരിക്കിൻ വെള്ളവും ശീലമാക്കുക

ശ്രദ്ധിക്കുക! ഈ ഭക്ഷണങ്ങൾ ഇപ്പോൾ ശത്രുക്കളാണ്

വയറിൽ അസ്വസ്ഥതയും ശരീരത്തിൽ ചൂടും വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം

ചിക്കൻ: പ്രോട്ടീൻ ധാരാളമുണ്ടെങ്കിലും ചിക്കൻ ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കുന്ന ഭക്ഷണമാണ്. ഇത് വേനൽക്കാലത്ത് ദഹനപ്രശ്നങ്ങൾക്കും അസ്വസ്ഥതയ്ക്കും കാരണമാകും.

മസാലകളും എണ്ണയും: എരിവുള്ളതും അമിതമായി എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ വയറ്റിൽ അസിഡിറ്റിയും ചൂടും വർദ്ധിപ്പിക്കും.

കിഴങ്ങ് വർഗ്ഗങ്ങൾ: ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ വയറിൽ ഗ്യാസ് നിറയ്ക്കാനും ദഹനപ്രക്രിയ പതുക്കെയാക്കാനും സാധ്യതയുണ്ട്.

കഫീൻ: അമിതമായ ചായയും കാപ്പിയും ശരീരത്തിലെ ജലാംശം വറ്റിക്കാൻ കാരണമാകും.

മത്സ്യം കഴിക്കുന്നവർക്ക് ചില നിർദ്ദേശങ്ങൾ

വേനൽക്കാലത്ത് മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. വറ്റ, അയല തുടങ്ങിയ രക്തമയമുള്ള മീനുകൾ ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. കായൽ മത്സ്യങ്ങളും ചെറിയ മീനുകളും ഉപയോഗിക്കുന്നതാണ് ഉചിതം. മീൻ കറി വെക്കുമ്പോൾ തേങ്ങ പാൽ ചേർക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും.

ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ

ജലപാനം നിർബന്ധം: ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക.

മിതഭക്ഷണം: ഒന്നിച്ച് വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ ഇടയ്ക്കിടെ കഴിക്കുന്നത് ദഹനം സുഗമമാക്കും.

വസ്ത്രധാരണം: അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

സമയം ക്രമീകരിക്കുക: ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 4 വരെയുള്ള സമയങ്ങളിൽ കഠിനമായ വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക.

സൂര്യൻ കലിപ്പിലാണെങ്കിലും കരുതലോടെയുള്ള ഭക്ഷണക്രമം പാലിച്ചാൽ ഈ വേനൽക്കാലത്തെ നമുക്ക് സുരക്ഷിതമായി നേരിടാം. തണൽ തേടുക, ധാരാളം വെള്ളം കുടിക്കുക!

You may also like