മുംബൈ : പ്രശസ്ത മാനേജ്മെന്റ് ചിന്തകനും ‘കോർപ്പറേറ്റ് ചാണക്യ’ പുസ്തകപരമ്പരയുടെ രചയിതാവുമായ ഡോ. രാധാകൃഷ്ണൻ പിള്ള (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം.
ചാണക്യന്റെ ഭരണതത്വങ്ങളും നേതൃത്വ പാഠങ്ങളും ആധുനിക കോർപ്പറേറ്റ് മാനേജ്മെന്റുമായി ബന്ധിപ്പിച്ച രചനകളിലൂടെ രാജ്യവ്യാപക ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു രാധാകൃഷ്ണൻ പിള്ള. അദ്ദേഹത്തിന്റെ ‘കോർപ്പറേറ്റ് ചാണക്യ’ പുസ്തകപരമ്പര മാനേജ്മെന്റ് രംഗത്ത് ഏറെ സ്വീകാര്യത നേടിയ കൃതികളിലൊന്നായി വിലയിരുത്തപ്പെടുന്നു.
കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, യുവ സംരംഭകർ എന്നിവർക്കായി നിരവധി നേതൃത്വ പരിശീലനങ്ങളും പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. ലളിതമായ ഭാഷയിൽ മാനേജ്മെന്റ് ആശയങ്ങൾ അവതരിപ്പിക്കുന്ന ശൈലിയാണ് അദ്ദേഹത്തെ വായനക്കാർക്കിടയിൽ ശ്രദ്ധേയനാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ രാജ്യത്തെ പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, മാനേജ്മെന്റ് സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു.
മരണവിവരമറിഞ്ഞ് സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.