മഹാരാഷ്ട്രയിൽ ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് മറാത്തി ഭാഷ നിർബന്ധമാക്കാനുള്ള സർക്കാർ നീക്കത്തെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നതിനിടെ, ഗതാഗത മന്ത്രി പ്രതാപ് സര്‍നായിക് യൂണിയൻ നേതാക്കളുമായി നിർണായക യോഗം വിളിച്ചു. നിർദ്ദേശത്തെതിരെ ഡ്രൈവർ യൂണിയനുകൾ ശക്തമായ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് ഈ ചർച്ച.
സംസ്ഥാനത്ത് മേയ് 1 മുതൽ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് “പ്രായോഗിക മറാത്തി പരിജ്ഞാനം” നിർബന്ധമാക്കാനുള്ള നീക്കമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ലൈസൻസ് നൽകുന്നതിലും പുതുക്കുന്നതിലും ഭാഷാപരമായ കഴിവ് പരിശോധിക്കുമെന്ന നിർദ്ദേശവും പരിഗണനയിലാണ്.
എന്നാൽ ഈ തീരുമാനത്തിനെതിരെ ഡ്രൈവർ യൂണിയനുകൾ കടുത്ത എതിർപ്പുമായി രംഗത്തെത്തി. മറാത്തി അറിയില്ലെന്ന പേരിൽ ലൈസൻസ് റദ്ദാക്കുന്നത് ആയിരക്കണക്കിന് ഡ്രൈവർമാരുടെ ജീവിതത്തെ ബാധിക്കുമെന്നാണ് യൂണിയനുകളുടെ ആശങ്ക. വിഷയത്തിൽ സംസ്ഥാനവ്യാപക സമരത്തിന് പോലും മുന്നൊരുക്കം നടക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, നിർബന്ധ നടപടികൾക്കുപകരം ഡ്രൈവർമാർക്ക് മറാത്തി പഠിക്കാൻ സൗജന്യ പരിശീലനം നൽകാനുള്ള മാർഗങ്ങളും സർക്കാർ പരിശോധിക്കുന്നു. യൂണിയനുകളുടെ നിലപാട് കേട്ടശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭാഷാ നിർബന്ധം, തൊഴിലവസരം, ജീവിതോപാധി എന്നിവ തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടെ, ഈ വിഷയം മഹാരാഷ്ട്രയിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.