മുംബൈ: ഉപനഗര മുംബൈയിലെ അഞ്ചു സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തീരുമാനിച്ചു. വൃക്കരോഗികളായ സാധാരണക്കാർക്ക് സൗജന്യവും സബ്സിഡിയോടുകൂടിയതുമായ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ ഡയാലിസിസ് സൗകര്യം പരിമിതമായതിനാൽ നിരവധി രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഇതിനെ പരിഹരിക്കുന്നതിനായി പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ച് കൂടുതൽ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ഉറപ്പാക്കാനാണ് ബിഎംസിയുടെ നീക്കം.
പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത ആശുപത്രികളിൽ ആധുനിക ഉപകരണങ്ങളോടുകൂടിയ ഡയാലിസിസ് യൂണിറ്റുകൾ സജ്ജീകരിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ സേവനവും മറ്റു വിഭാഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ചികിത്സയും ലഭ്യമാക്കും.
ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. ഉപനഗര പ്രദേശങ്ങളിലെ ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും രോഗികൾക്ക് സമീപത്ത് തന്നെ ഗുണമേൻമയുള്ള ചികിത്സ ലഭ്യമാക്കുന്നതിനുമാണ് ബിഎംസി ലക്ഷ്യമിടുന്നത്.