ഏഴ് മാസമായി കാണാതായ സായന്ത് സജീവ്; ഗുജറാത്ത് ദിശയിൽ അന്വേഷണം ശക്തമാക്കണമെന്ന് കുടുംബം

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലെ പാല്ഘർ ജില്ലയിലെ വസായി വെസ്റ്റ് നിവാസിയും പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയുമായ 23-കാരനായ സായന്ത് സജീവ് കാണാതായിട്ട് ഏഴ് മാസം പിന്നിട്ടിട്ടും ദുരൂഹത നീങ്ങാത്ത സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കുടുംബം വീണ്ടും രംഗത്ത്. യുവാവിനെ കണ്ടെത്തുന്നതിനായി സമൂഹത്തിന്റെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ബന്ധുക്കൾ.

കഴിഞ്ഞ സെപ്റ്റംബർ 8-ന് രാവിലെ 10.30ഓടെ മുംബൈയിലെ അന്ധേരിയിലേക്ക് ജോലി അഭിമുഖത്തിനായി പോകുകയാണെന്ന് അറിയിച്ചാണ് സായന്ത് വീട്ടിൽ നിന്ന് പുറപ്പെട്ടത്. തുടർന്ന് ഇയാൾ വീട്ടിലെത്താതിരിക്കുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് നിലയിലാകുകയും ചെയ്തതോടെ ആശങ്ക ഉയർന്നു. ഇതോടെ വസായി മാനിക്‌പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സിസിടിവി ദൃശ്യങ്ങളിൽ സായന്ത് ആദ്യം വിരാറിലേക്ക് യാത്ര ചെയ്തതും തുടർന്ന് വിരാർ–ഉധ്ന ലോക്കൽ ട്രെയിനിൽ കയറിയതും സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തിന് സമീപമുള്ള പ്രധാന റെയിൽവേ സ്റ്റേഷനായ ഉധ്നയിലേക്ക് ഇയാൾ യാത്ര ചെയ്തതിനാൽ സായന്ത് ഗുജറാത്തിലെ ഏതെങ്കിലും പ്രദേശങ്ങളിലെത്തിയിരിക്കാമെന്ന നിഗമനത്തിലാണ് കുടുംബം.

സായന്തിന്റെ സ്വഭാവത്തെ കുറിച്ചും കുടുംബം നിർണായക വിവരങ്ങൾ പങ്കുവെച്ചു. സമകാലിക യുവാക്കളെപ്പോലെ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതും സുഹൃത്ത് വൃത്തം പരിമിതമായതും ആഡംബര ജീവിതശൈലിയോട് താൽപര്യമില്ലാത്തതുമായ വ്യക്തിയായിരുന്നു ഇയാൾ. ആത്മീയ ജീവിതത്തിലേക്കുള്ള ഒരു ആകർഷണം സായന്തിനുണ്ടായിരുന്നുവെന്നും, അതിനാൽ ഗുജറാത്തിലോ സമീപ പ്രദേശങ്ങളിലോ ഉള്ള ആശ്രമങ്ങൾ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കണമെന്നുമാണ് കുടുംബത്തിന്റെ അഭ്യർത്ഥന.

ഗുജറാത്തിലെ മലയാളി സമാജങ്ങൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവർ വിഷയത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തി അന്വേഷണത്തിന് പിന്തുണ നൽകണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. സായന്തിനെക്കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയോ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

ബന്ധപ്പെടാൻ:
വസായി മാനിക്‌പൂർ പൊലീസ് സ്റ്റേഷൻ – 0250-2332110
സജീവ് എസ് (പിതാവ്) – +91 86685 48242

You may also like