ശ്രദ്ധേയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കലാകാരൻ വിടപറഞ്ഞു; രാമകൃഷ്ണ കൈമൾ ഇനി ഓർമ്മ

by WhatsUp Mumbai

മുംബൈ: നഗരത്തിലെ മലയാളി നാടക രംഗത്ത് വ്യക്തിത്വം പതിപ്പിച്ച പ്രമുഖ നടൻ രാമകൃഷ്ണ കൈമൾ അന്തരിച്ചു. വിവിധ നാടകവേദികളിലൂടെ അനവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന അദ്ദേഹത്തിന്റെ വിയോഗം കലാസാംസ്കാരിക ലോകത്തിന് വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി അസുഖബാധിതനായി ചികിത്സയിൽ തുടരുകയായിരുന്നു. കല്യാൺ വെസ്റ്റിലെ കടക്ക്പാട, ആയുഷ് ആശുപത്രിക്ക് സമീപമുള്ള രാധാനഗർ ടവറിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

വിളപ്പിൽ മധു സംവിധാനം ചെയ്ത ഒരു പ്രവാസിയുടെ മടക്കയാത്ര, കഥാപാത്രങ്ങളും പങ്കെടുത്തവരും, വാഴക്കുല എന്നീ നാടകങ്ങളിലൂടെ കൈമൾ മുംബൈ വേദികളിൽ ശ്രദ്ധേയ സാന്നിധ്യമായി മാറി. സ്വാഭാവിക അഭിനയശൈലിയും കഥാപാത്രങ്ങളോടുള്ള അതിയായ സമർപ്പണവും അദ്ദേഹത്തെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥിരസ്ഥാനം നേടിക്കൊടുത്തു.

മുംബൈയിലെ മലയാളി കലാസാംസ്കാരിക രംഗത്തിന് തീരാനഷ്ടമായി രാമകൃഷ്ണ കൈമളുടെ വിയോഗം മാറി. നാടക വേദിയിലെ സഹപ്രവർത്തകരും കലാസ്നേഹികളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും.

You may also like