മുംബൈ : മുംബൈ മഹാനഗരത്തിലെ അക്ഷരസ്നേഹികളുടെ സാന്നിധ്യത്തിൽ അഞ്ചു പുസ്തകങ്ങളുടെ പ്രകാശനം ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അങ്കണത്തിൽ ഏപ്രിൽ 18-ന് നടന്നു. എം. വിജയൻ പിള്ളയുടെ കഥാസമാഹാരമായ “തുറന്നടഞ്ഞ വാതിൽ” സി. പി. കൃഷ്ണകുമാർ കെ. രാജനു നൽകി പ്രകാശനം ചെയ്തു. പി. വിശ്വനാഥന്റെ കഥാസമാഹാരമായ “ഏകാന്തവാസ്” വിക്രമനുനല്കി പ്രകാശനം നിർവ്വഹിച്ചത് കെ. രാജനാണ്. ശ്രീപ്രസാദ് വടക്കേപ്പാട്ട് എഴുതിയ ശാസ്ത്രലേഖനങ്ങളുടെ സമാഹാരമായ “ഇരുണ്ട ഓക്സിജൻ” ശ്രീജിത് ജനാർദ്ദനനിൽനിന്നും ജിൽജു രതീഷ് ഏറ്റുവാങ്ങി. മായാദത്തിന്റെ ലേഖനസമാഹാരമായ “കാഴ്ചകൾ കാഴ്ചപ്പാടുകൾ” കണക്കൂർ സുരേഷ് കുമാറും, കവിതാസമാഹാരമായ “ആകാശ മോഹങ്ങൾ” ജി. വിശ്വനാഥനും പ്രകാശനം നിർവ്വഹിക്കുകയും ഡോ. എ. വേണുഗോപാലും സന്തോഷ് പല്ലശ്ശനയും ഏറ്റുവാങ്ങുകയും ചെയ്തു.
കെ. രാജൻ, സി. പി. കൃഷ്‌ണകുമാർ, ശ്രീജിത്ത് ജനാർദ്ദനൻ, ലിനോദ് വർഗീസ്, ജ്യോതിലക്ഷ്മി നമ്പ്യാർ എന്നിവർ പ്രകാശനം ചെയ്യപ്പെട്ട പുസ്തകങ്ങളെ വിശദമായി പരിചയപ്പെടുത്തി. ജി. വിശ്വനാഥൻ, സാറ വർക്കി, ജോയ് ഗുരുവായൂർ എന്നിവർ ആശംസകൾ നേരുകയും പുസ്തകങ്ങളുടെ രചയിതാക്കൾ മറുമൊഴി രേഖപ്പെടുത്തുകയും ചെയ്തു. മുംബൈയിലെ പ്രമുഖ സാഹിത്യകാരന്മാരും അക്ഷര സ്നേഹികളും പരിപാടിയിൽ പങ്കെടുത്തു. TTFAC പ്രസിഡന്റ് ജിൽജു രതീഷ് ആദ്ധ്യക്ഷ്യം വഹിച്ച പുസ്തക പ്രകാശന ചടങ്ങിൽ കണക്കൂർ സുരേഷ്‌കുമാർ ആമുഖ പ്രസംഗം നടത്തി. ചടങ്ങിൽ ക്ലബ്ബ് സെക്രട്ടറി വിജു ചിറയിൽ സ്വാഗതം പറയുകയും ലെബ്രേറിയൻ ആർ. പ്രദീപ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
പരിപാടി സുസ്ഥിരമായ സംഘാടക മികവോടെ മനോഹരമായി സംഘടിപ്പിക്കപ്പെട്ടു. അക്ഷരസ്നേഹികളുടെ സാന്നിധ്യത്തിൽ സാഹിത്യാത്മകമായ ഒരു സന്ധ്യയായി മാറിയ ചടങ്ങ്, പങ്കെടുത്തവർക്കെല്ലാം ശ്രദ്ധേയമായ അനുഭവമായി.