“തുടർച്ചയായ വിജയം; സി.ബി.എസ്.ഇയിൽ വീണ്ടും 100% നേട്ടം കൈവരിച്ചു മാർത്തോമ്മാ വിദ്യാപീഠ്”

by WhatsUp Mumbai

കല്യാൺ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഈ വർഷവും ഉജ്ജ്വല നേട്ടം കൈവരിച്ചു മാർത്തോമ്മാ വിദ്യാപീഠ്. നൂറ് ശതമാനം വിജയം നേടി സ്ഥാപനത്തിന്റെ മികവ് വീണ്ടും തെളിയിച്ചു. 95.6 ശതമാനം മാർക്ക് നേടി യഷശ്രീ കവാത്തേ സ്കൂൾ ടോപ്പറായി.

പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 78 ശതമാനം പേർ ഡിസ്റ്റിങ്ക്ഷനോടെ വിജയിച്ചു. 33 ശതമാനം പേർ ഫസ്റ്റ് ക്ലാസ്സിലും 4 ശതമാനം പേർ സെക്കൻഡ് ക്ലാസ്സിലും വിജയം നേടി. സമഗ്രമായ അക്കാദമിക് മികവും വിദ്യാർത്ഥികളുടെ സ്ഥിരതയുള്ള പ്രകടനവും ഫലത്തിൽ പ്രതിഫലിച്ചതായി സ്കൂൾ അധികൃതർ വിലയിരുത്തി.

ടിറ്റ്വാലാ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കല്യാൺ വെസ്റ്റ് മാർത്തോമ്മാ പള്ളിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഈശോ മാർ തീമതിയോസ് മെമ്മോറിയൽ വെൽഫെയർ സെന്റർ ആരംഭിച്ച സ്ഥാപനമാണ് മാർത്തോമ്മാ വിദ്യാപീഠ്. തുടർച്ചയായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായി നിലനിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സ്കൂൾ മാനേജർ റവ. സജി പി. സൈമൺ പറഞ്ഞു.

ചീഫ് അഡ്മിനിസ്ട്രേറ്റർ ജേക്കബ് തോമസും പ്രിൻസിപ്പാൾ ആരതി കപൂറും വിജയികളായ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.

You may also like