മഹാഡിന് സമീപം റെയിൽപാളത്തിൽ മൃതദേഹം; മലയാളിയെന്ന് സ്ഥിരീകരണം, ബന്ധുക്കൾക്കായി തിരച്ചിൽ ശക്തം

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാഡിന് സമീപമുള്ള സാപെ വാമ്നെ റെയിൽവേ സ്റ്റേഷനടുത്ത് റെയിൽപാളത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് സ്ഥിരീകരിച്ചു. ഏപ്രിൽ 11-ന് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആദ്യ ഘട്ടത്തിൽ തിരിച്ചറിയാൻ സാധിക്കാതിരുന്ന മൃതദേഹം പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞു. മൊബൈൽ സിംകാർഡ് വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മരിച്ചയാൾ രാമചന്ദ്രൻ കെ.വി. (63) ആണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം നിലവിൽ ദാപ്പോളി സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ആർപിഎഫ്, ജിആർപി അധികൃതർ അറിയിച്ചു.

മരിച്ചയാളുടെ മൊബൈലിൽ നിന്നു ലഭിച്ച അഞ്ചു മലയാളികളുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടപ്പോൾ, എല്ലാവരും തുന്നൽ തൊഴിൽ ചെയ്യുന്നവരും രാമചന്ദ്രനെ നേരിട്ട് പരിചയമുള്ളവരുമാണെന്ന് വ്യക്തമായി. തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളി സ്വദേശിയാണെന്നാണു ലഭ്യമായ വിവരം. എന്നാൽ കൃത്യമായ മേൽവിലാസം ഇവർക്കും ലഭ്യമല്ല.

തുന്നൽ വിദഗ്ധനായ രാമചന്ദ്രൻ കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി ചെയ്തുവരികയായിരുന്നു. ഒടുവിൽ പത്തനംതിട്ട ജില്ലയിലെ അടൂർ കിളിവയൽ പ്രദേശത്തായിരുന്നു ജോലി ചെയ്തിരുന്നതെന്നാണ് വിവരം. കഴിഞ്ഞ മാർച്ച് 25-ന് ബാഗുമായി അവിടെ നിന്ന് അദ്ദേഹം യാത്ര തിരിച്ചതായും പറയുന്നു.

ഫോൺ മാർച്ച് 16-ന് ശേഷം റീചാർജ് തീർന്നതിനാൽ ഇൻകമ്മിംഗും ഔട്ട്‌ഗോയിംഗും ലഭ്യമല്ലായിരുന്നുവെന്ന് സി.ഡി.ആർ പരിശോധനയിൽ വ്യക്തമായി. കുടുംബവുമായി അകൽച്ചയിലായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

മരണപ്പെട്ടയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഈ വിഷയത്തിൽ കൊങ്കൺ യാത്ര സഹായ വേദിയാണ്‌ സജീവമായി ഇടപെടുന്നത്.രത്നഗിരിയിലെ ജിആർപി ഉദ്യോഗസ്ഥൻ രഞ്ജിത് പാട്ടീലും വിഷയത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.

അതേസമയം ബന്ധുക്കളോ സുഹൃത്തുക്കളോ എത്തി മൃതദേഹം ഏറ്റെടുക്കാത്ത പക്ഷം ഏപ്രിൽ 20-ന് ശേഷം നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ദാപ്പോളി പൊതു ശ്മശാനത്തിൽ സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.

എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ രഞ്ജിത് പാട്ടീൽ (ഫോൺ: 7875137873) അല്ലെങ്കിൽ സാമൂഹ്യ പ്രവർത്തകൻ ജീവൻ നായർ (ഫോൺ: 9860400482) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

You may also like