മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള മീരാ–വസായ് മേഖല പൊതുയോഗം ഏപ്രിൽ 12-ന് മീര റോഡിലെ ശ്രീ നാരായണ മന്ദിര സമിതി ഹാളിൽ നടന്നു. ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിച്ച യോഗത്തിൽ മേഖല പ്രസിഡന്റിന്റെ അഭാവത്തിൽ രവി കെ. ആറിയെ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഷൈനി ടീച്ചർ സ്വാഗതം ആശംസിച്ചു. മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ നിരീക്ഷകനായി പങ്കെടുത്തു.
മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം യോഗത്തിന് സവിശേഷതയായി. മീര റോഡ് മലയാളി സമാജം പഠനകേന്ദ്രത്തിൽ നിന്ന് മൂന്ന് പേർ, ബി.എം.എസ് കാശിമീരയിൽ നിന്ന് ആറു പേർ, എസ്.എൻ.എം.എസ് പഠനകേന്ദ്രത്തിൽ നിന്ന് നാല് പേർ, വസായ് ഈസ്റ്റ് പഠനകേന്ദ്രത്തിൽ നിന്ന് മൂന്ന് പേർ, ഭയന്ദർ പഠനകേന്ദ്രത്തിൽ നിന്ന് ഒരാൾ, വസായ് വെസ്റ്റ് പഠനകേന്ദ്രത്തിൽ നിന്ന് ഒരാൾ, നയ്ഗാവ് പഠനകേന്ദ്രത്തിൽ നിന്ന് ആറു പേർ എന്നിവർ പങ്കെടുത്തു.
തുടർന്ന് പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിശദമായ ചർച്ചകൾ നടന്നു. ഷൈനി ടീച്ചർ ബി.എം.എസ് കാശിമീര പഠനകേന്ദ്രത്തിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ക്ലസ്റ്റർ മീറ്റിംഗ് നടക്കാത്തതിന്റെ പോരായ്മ ചൂണ്ടിക്കാട്ടുകയും ചെയ്തു. എം.എസ്. ദാസ് മീര റോഡ് പഠനകേന്ദ്രത്തിലെ ക്ലാസുകൾ സുഗമമായി നടക്കുന്നുണ്ടെന്ന് അറിയിച്ചു. മിഴി ആപ്പിൽ ഹാജർ രേഖപ്പെടുത്തുന്നതിലെ സാങ്കേതിക പ്രശ്നങ്ങളും കുട്ടികളുടെ കൊഴിഞ്ഞുപോക്കുമെന്ന വെല്ലുവിളിയും അദ്ദേഹം മുന്നോട്ട് വച്ചു. വിജയ മണി എസ്.എൻ.എം.എസ് പഠനകേന്ദ്രത്തിലെ ക്ലാസുകൾ കാര്യക്ഷമമായി പുരോഗമിക്കുന്നതായി വ്യക്തമാക്കി. ഭയന്ദർ പഠനകേന്ദ്രത്തിൽ മുൻകാലങ്ങളിൽ രണ്ട് കേന്ദ്രങ്ങളിലായി ക്ലാസുകൾ നടന്നിരുന്നുവെന്നും ഭാവിയിൽ കൂടുതൽ സജ്ജമാക്കി മുന്നോട്ടുകൊണ്ടുപോകുമെന്ന് ബാബു മാത്യു അറിയിച്ചു.
മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ മേഖലയുടെ ഭാവി പ്രവർത്തന ദിശയെക്കുറിച്ച് വിശദീകരിച്ചു. ഊർജസ്വലമായ നേതൃത്വമുള്ള മേഖലയായ മീരാ–വസായ് മേഖലയിൽ രക്ഷിതാക്കളെയും കുട്ടികളെയും കൂടുതൽ പങ്കാളികളാക്കിക്കൊണ്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിർദേശിച്ചു. അധ്യാപകരും പഠനകേന്ദ്ര കമ്മിറ്റി അംഗങ്ങളും മലയാളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ലസ്റ്റർ മീറ്റിംഗുകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം നാസിക്കിൽ സംഘടിപ്പിച്ച ക്യാമ്പിന്റെ മാതൃകയിൽ കുട്ടികൾക്കായി ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു.
തുടർന്ന് 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖല പ്രസിഡന്റായി ഷീജ മാത്യുവും സെക്രട്ടറിയായി വിനോദ് നായരും തെരഞ്ഞെടുക്കപ്പെട്ടു. എം.എസ്. ദാസ് നന്ദി രേഖപ്പെടുത്തി. വൈകുന്നേരം 5 മണിയോടെ പൊതുയോഗം സമാപിച്ചു.