മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള കല്യാൺ–ബദലാപൂർ മേഖല പൊതുയോഗം ഏപ്രിൽ 5-ന് അംബർനാഥ് കേരള സമാജം കാര്യാലയത്തിൽ നടന്നു. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ആരംഭിച്ച യോഗം പ്രേമൻ നായരുടെ അധ്യക്ഷതയിൽ ചേർന്നു. മേഖല സെക്രട്ടറി ടി.വി. രതീഷ് സ്വാഗതം ആശംസിച്ചു.
മേഖലയിലെ വിവിധ പഠനകേന്ദ്രങ്ങളിലെ അദ്ധ്യാപകരും കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ബദലാപൂർ കൂൽഗാവ് സമാജത്തിന്റെ രണ്ട് പഠനകേന്ദ്രങ്ങൾ, അംബർനാഥ് കേരള സമാജത്തിന്റെ കീഴിലുള്ള രണ്ട് പഠനകേന്ദ്രങ്ങൾ, അംബർനാഥ് ശ്രീ നാരായണ മന്ദിര സമിതി, ഉല്ലാസ്നഗർ ഉല്ലാസ് ആർട്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ, ഉല്ലാസ്നഗർ ശ്രീ നാരായണ മന്ദിര സമിതി, കല്യാൺ ഈസ്റ്റ് സെൻട്രൽ കേരള സമാജം എന്നീ പഠനകേന്ദ്രങ്ങളിലെ പ്രതിനിധികളായിരുന്നു സാന്നിധ്യം അറിയിച്ചത്.
മേഖല കോഡിനേറ്റർ സിന്ധു വിജയൻ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ നിരീക്ഷകനായി പങ്കെടുത്തു. വിവിധ പഠനകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ പ്രതിനിധികൾ വിശദീകരിച്ചു.
അംഗങ്ങൾ ഉയർത്തിയ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും പ്രസിഡന്റ് ആർ.ഡി. ഹരികുമാർ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. തുടർന്ന് 2026–2028 കാലയളവിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റായി ഹരീഷ് ചാണശ്ശേരിയും സെക്രട്ടറിയായി ടി.വി. രതീഷും തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിന്റെ അവസാനം ജിനേഷ് നന്ദി രേഖപ്പെടുത്തി.