മുംബൈ : മഹാഡ്-കാമോഠേ മേഖലയിലെ മലയാളം മിഷന്റെ പൊതുയോഗം ഗൗരവമായ ചർച്ചകളും സംഘടനാത്മക തീരുമാനങ്ങളുമായി ശ്രദ്ധേയമായി. 2026 ഏപ്രിൽ 12-ാം തീയതി ഞായറാഴ്ച വൈകിട്ട് 3.30 മുതൽ ഖാന്ദാ കോളനിയിലെ ബാൽഗ്രാം മഹാരാഷ്ട്ര ഹാളിൽ ചേർന്ന യോഗത്തിൽ മേഖല പ്രസിഡണ്ട് ജയനാരായണൻ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത്, ചാപ്റ്റർ വൈസ് പ്രസിഡണ്ട് രാജശ്രീ മോഹൻ എന്നിവർ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് നിരീക്ഷകരായി പങ്കെടുത്തു. മേഖല സെക്രട്ടറി വിനോദ് കുമാർ സ്വാഗതപ്രസംഗം നടത്തി.
യോഗത്തിൽ മേഖല കൺവീനർ നിഷ പ്രകാശ് 2023 ഏപ്രിൽ മുതൽ 2026 ഏപ്രിൽ 11 വരെ നടത്തിയ പ്രവർത്തനങ്ങളെ ഉൾക്കൊള്ളുന്ന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിനെ തുടർന്ന് നടന്ന ചർച്ചയിൽ ഗോകുൽ ദാസ് (MKNS), ഉണ്ണികൃഷ്ണൻ (MMAK) എന്നിവർ റിപ്പോർട്ട് അംഗീകരിക്കുന്നതായി അറിയിച്ചു. പങ്കെടുത്ത മറ്റ് അംഗങ്ങളും അതിനെ ഏകകണ്ഠമായി പിന്തുണച്ചു.
തുടർന്ന് ചാപ്റ്റർ വൈസ് പ്രസിഡണ്ട് രാജശ്രീ മോഹനും ചാപ്റ്റർ സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്തും റിപ്പോർട്ടിനെ വിലയിരുത്തി പ്രസംഗിച്ചു. മഹാഡ് മലയാളി സമാജത്തിന്റെ പ്രതിനിധിയായി ബൈനു പി ജോർജ്ജും പുതിയ പഠനകേന്ദ്രമായ മാരത്തോൺ മലയാളി അസോസിയേഷനിൽ നിന്ന് പ്രതാപ് നായർ, സൈജു നായർ എന്നിവരും ക്ലാസുകളുടെ പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവെച്ചു.
യോഗത്തിന്റെ ഭാഗമായി പുതിയ മേഖല കമ്മിറ്റി രൂപീകരിച്ചു. വിവിധ സംഘടനകളിൽ നിന്നുള്ള പഠനകേന്ദ്ര കൺവീനർമാരെയും അധ്യാപക പ്രതിനിധികളെയും ആദ്യം നിശ്ചയിച്ചതിന് ശേഷം മേഖലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി. ഗോകുൽ ദാസ് മേഖല പ്രസിഡണ്ടായും, കുഞ്ഞുമോൻ ജോസഫ് വൈസ് പ്രസിഡണ്ടായും, വിനോദ് കുമാർ വി. കെ സെക്രട്ടറിയായും, രമേശൻ പി. സി ജോയിന്റ് സെക്രട്ടറിയായും, ജയനാരായണൻ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
മേഖല കൺവീനർ നിഷ പ്രകാശ് നന്ദിപ്രസംഗം നടത്തുകയും യോഗം സമാപിക്കുകയും ചെയ്തു.