മുംബൈ: നഗരത്തിൽ ചൂടും ഈർപ്പവും കൂടി വരുന്നതിനിടെ India Meteorological Department (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുമെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
നഗരത്തിൽ ഉയർന്ന ഈർപ്പതോടൊപ്പം അനുഭവപ്പെടുന്ന കടുത്ത ചൂട് പൊതുജനങ്ങൾക്ക് അസ്വസ്ഥത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു. പ്രത്യേകിച്ച് ഉച്ച സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശം നൽകി.
ഉഷ്ണ തരംഗസാദൃശ്യമുള്ള സാഹചര്യങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മുതിർന്നവർ, കുട്ടികൾ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവരോട് കൂടുതൽ ശ്രദ്ധ പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടു. വെള്ളം ധാരാളമായി കുടിക്കുക, നേരിട്ട് സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കുക എന്നിവ പ്രധാന നിർദേശങ്ങളാണ്.
ഇതിനിടെ, മുംബൈയിലുടനീളം ചൂടും ഈർപ്പവും അടുത്ത കുറച്ച് ദിവസങ്ങൾ തുടരാനാണ് സാധ്യതയെന്ന് ഐഎംഡി വ്യക്തമാക്കി. നഗരവാസികൾക്ക് മുന്നറിയിപ്പോടെ തന്നെ ദിനചര്യ ക്രമീകരിക്കേണ്ട സാഹചര്യമാണിപ്പോൾ.