നിഴലുകളിൽ നിന്ന് വെളിച്ചത്തിലേക്ക്; “അനസ്തേസ്സിസ്” സംഗീത പരിപാടി ശ്രദ്ധേയമായി

by WhatsUp Mumbai

മുംബൈ: ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനം “അനസ്തേസ്സിസ്” (നിഴലുകളിൽ നിന്ന് വെളിച്ചത്തിലേക്ക്) എന്ന സംഗീത പരിപാടി സംഘടിപ്പിച്ചു. സാന്റാക്രൂസ് സെന്റ് തോമസ് മാർത്തോമ്മാ ഇടവകയിലാണ് പരിപാടി നടന്നത്. ഉയിർപ്പിന്റെ പ്രത്യാശയെ ആസ്പദമാക്കി ഒരുക്കിയ ഈ സംഗീത സന്ധ്യ വിശ്വാസികളിൽ ആത്മീയ ഉണർവ് സൃഷ്ടിച്ചു.

“കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാനുള്ള ആഗ്രഹം നമ്മിൽ ഉണ്ടെങ്കിൽ, നമ്മുടെ ദൗത്യം നിറവേറ്റുന്നതിൽ നിന്ന് ലോകത്തിലെ ഒന്നിനും നമ്മെ തടയാനാവില്ല. ഈ ഉയിർപ്പിന്റെ പ്രത്യാശയുടെ ദിനത്തിൽ, പൻവേലിലെ ഹോസ്പീസ് സെന്റർ ഉൾപ്പെടെ മാനുഷിക നന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ തുടരണം. മനുഷ്യസേവ തന്നെ മാധവസേവയാണ്” എന്ന് അധ്യക്ഷ പ്രസംഗത്തിൽ ഭദ്രാസനാധിപൻ റൈറ്റ്. റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അഭിപ്രായപ്പെട്ടു.

മാർത്തോമ്മാ സഭയുടെ സീനിയർ വികാരി ജനറലായി ചുമതലയേൽക്കുന്ന വെരി. റവ. തോമസ് കെ. ജേക്കബ് അച്ചനെ അനുമോദിച്ച് മുംബൈ ഓർത്തഡോക്സ് ഭദ്രാസന മെത്രപൊലീത്ത അഭി. ഗീവർഗീസ് മാർ കൂറിലോസ് ആശംസകൾ അറിയിച്ചു.

വിശിഷ്ടാതിഥിയായ അന്ധേരി എം.എൽ.എ. അമീത് സതം ക്രിസ്ത്യാനികൾ സമാധാനപ്രിയരാണെന്നും, മുംബൈയിൽ അവർ നടത്തുന്ന മാതൃകാപരമായ സാമൂഹിക സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും പറഞ്ഞു.

ഇതോടനുബന്ധിച്ച് സീനിയർ വികാരി ജനറലായി ഉയർത്തപ്പെടുന്ന മുംബൈ ഭദ്രാസന സെക്രട്ടറി വെരി. റവ. തോമസ് കെ. ജേക്കബ് അച്ചനെയും, സഭയുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിക്കുന്ന സാന്റാക്രൂസ് മാർത്തോമ്മാ ഇടവക വികാരി റവ. പ്രസാദ് മാത്യുവിനെയും അനുമോദിച്ചു.

മുംബൈ ഭദ്രാസനത്തിലെ വിങ്സ് ബാൻഡിന്റെയും വിവിധ ഇടവകകളിലെ കൊയറുകളുടെയും നേതൃത്വത്തിൽ സമൃദ്ധമായ സംഗീത സന്ധ്യ അരങ്ങേറി. റവ. അലൻ ടി. സാമുവലിന്റെയും ഷിബു സി. ലൂക്കോസിന്റെയും നേതൃത്വത്തിൽ യുവജനങ്ങൾ അവതരിപ്പിച്ച “അനസ്തേസ്സിസ്” ദൃശ്യാവിഷ്കാരം ക്രിസ്തുവിന്റെ പീഡാനുഭവവും ഉയിർപ്പും സജീവമായി അവതരിപ്പിച്ച് പ്രേക്ഷകർക്ക് വ്യത്യസ്ത അനുഭവമായി.

ഭദ്രാസന ട്രസ്റ്റി വി.പി. സൈമൺ, റവ. ജനിൽ എബ്രഹാം, റവ. തോമസ് ജേക്കബ് (സി.എസ്.ഐ), നവജീവൻ സെന്റർ ട്രസ്റ്റി ഡോ. ജോൺ മാത്യു, കൗൺസിൽ മെമ്പർ സജി കെ. തോമസ് എന്നിവർ ആശംസകൾ നേർന്നു.

You may also like