നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോപാനം ഫൈൻ ആർട്സ് സൊസൈറ്റി, ഏലൂർ ബിജുവിന്റെ നേതൃത്വത്തിൽ സോപാന സംഗീത ആസ്വാദന സദസ് സംഘടിപ്പിക്കുന്നു. സംഗീതാസ്വാദകരായ ഭക്തജനങ്ങൾക്ക് സോപാന സംഗീതത്തെ അടുത്തറിയാനും അനുഭവിക്കാനും അവസരം നൽകുന്ന ഈ പരിപാടി ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 10 മുതൽ വാഷി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടക്കും.
ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന സംഗീതാർച്ചനയാണ് സോപാന സംഗീതം. പ്രാർത്ഥനയുടെ സാന്ദ്രതയും ആത്മീയതയും നിറഞ്ഞ ഈ കലാരൂപത്തിന് കേരളത്തിലെ ക്ഷേത്രപരമ്പരയിൽ അതുല്യമായ സ്ഥാനമുണ്ട്.
അനുഷ്ഠാനകലയായി നാലമ്പലങ്ങൾക്കകത്ത് മാത്രം പരിമിതപ്പെട്ടിരുന്ന സോപാന സംഗീതത്തെ ക്ഷേത്രാങ്കണങ്ങൾക്ക് പുറത്തേക്ക് എത്തിച്ച് ജനങ്ങളിൽ പ്രചാരത്തിലാക്കിയത് മഹാനായ കലാകാരൻ ഞരളത്ത് രാമപ്പൊതുവാളാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം പിന്തുടർന്ന്, സോപാന സംഗീതത്തെ കൂടുതൽ ജനകീയമാക്കി ഉയർത്തിയ ശ്രദ്ധേയ സംഗീതജ്ഞനാണ് അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ ഏലൂർ ബിജു.
സംഗീതാസ്വാദകരായ ഏവരെയും ഈ സംഗീത പരിചയ സദസ്സിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9820145964, 9820067763 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.