മുംബൈ മിനി ശബരിമലയിൽ നാരായണീയ മഹോത്സവം; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തരുടെ വൻ പങ്കാളിത്തം

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിലെ കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (കെകെകെഎസ്)യുടെ ആഭിമുഖ്യത്തിൽ 11-ാമത് ശ്രീമന്നാരായണീയ പാരായണ മത്സരവും നാരായണീയം ക്വിസും മുംബൈയിലെ കഞ്ചൂർ മാർഗ് മിനി ശബരിമല ക്ഷേത്രത്തിൽ നടത്തി.

പൂനെ, ബോയ്‌സർ, മുംബൈ എന്നിവിടങ്ങളിൽ നിന്നായി 20-ലധികം ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് 41 ടീമുകളിലായി 360-ത്തിലധികം പേർ പങ്കെടുത്തു. 1300-ത്തിലധികം ഭക്തർ പങ്കെടുത്ത പരിപാടിയിൽ കൂട്ടായ ജപവും ക്വിസും സംഘടിപ്പിച്ചു.

മിനി ശബരിമല ക്ഷേത്രത്തിലാണ് പരിപാടി നടന്നത്. കേരളത്തിന് പുറത്തുള്ള പ്രധാന അയ്യപ്പക്ഷേത്രങ്ങളിലൊന്നായ ഇവിടെ 108 പടവുകൾ കയറി എത്തേണ്ടതാണ്.

പാരായണ മത്സരത്തിൽ പൻവേലിലെ സ്വസ്തിചിൻമയം ഒന്നാം സ്ഥാനം നേടി. വാശിയിലെ ന്യൂ ബോംബെ അയ്യപ്പ മിഷൻ രണ്ടാം സ്ഥാനവും ഡോംബിവ്‌ലിയിലെ ഗോകുലം (ഖംബൽപാഡ) മൂന്നാം സ്ഥാനവും നേടി.

വ്യക്തിഗത നാരായണീയം ക്വിസിൽ പവായിയിലെ ഇന്ദിര ജി പിള്ള ഒന്നാം സ്ഥാനം നേടി. ശരണ്യ കൃഷ്ണകുമാർ രണ്ടാം സ്ഥാനവും ശാന്തി മുരളീധരൻ മൂന്നാം സ്ഥാനവും നേടി.

പ്രൊഫ. സരിതാ അയ്യർ മുഖ്യാതിഥിയായി. ഇൻകം ടാക്സ് (മുംബൈ) കമ്മീഷണർ സ്മിത വി. നായർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

കെകെകെഎസ് പ്രസിഡന്റ് ഡോ. ഏ.എസ്. പ്രസാദ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സുനിൽ ജി. നായർ, ട്രഷറർ വൽഷേഷ്‌കുമാർ നായർ, മിനി ശബരിമല പ്രസിഡന്റ് പി.എം.പി നായർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സുരേഷ്കുമാർ ആർ.എൻ നന്ദി അറിയിച്ചു.

വിവിധ ക്ഷേത്രങ്ങളിലെ പ്രതിനിധികളെയും ഗുരുസ്വാമികളെയും ചടങ്ങിൽ ആദരിച്ചു. 2014 മുതൽ കെകെകെഎസ് സംഘടിപ്പിച്ചു വരുന്ന പരിപാടിയുടെ 11-ാം പതിപ്പാണ് ഇത്.

You may also like