മുംബൈ: ഇറാൻ –ഇസ്രായേൽ സംഘർഷം ശക്തമാകുന്നതിനിടെ ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ വെല്ലുവിളികൾ ഉയരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് മുംബൈയിലെ നിർമാണ രംഗം പ്രതിസന്ധിയിലേക്കു നീങ്ങുകയാണെന്ന് ഡെവലപ്പർമാർ മുന്നറിയിപ്പ് നൽകുന്നു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയിൽ ഉണ്ടായ തടസ്സവും നിർമ്മാണ ചെലവിലെ കുത്തനെ വർധനയും പദ്ധതികളുടെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ടൈൽസ്, സാനിറ്ററി ഉപകരണങ്ങൾ, മാർബിൾ എന്നിവയുൾപ്പെടെയുള്ള പ്രധാന നിർമാണ സാമഗ്രികളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി വ്യവസായ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പാശ്ചാത്യേഷ്യയിൽ നിന്നുള്ള ഗ്യാസ് വിതരണത്തിൽ ഉണ്ടായ നിയന്ത്രണങ്ങളാണ് ഈ പ്രതിസന്ധിക്ക് മുഖ്യകാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഫലമായി നഗരത്തിലെ നിരവധി നിർമാണ പദ്ധതികൾ മന്ദഗതിയിലായിരിക്കുകയാണ്.
അതേസമയം, ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർധനവ് സ്റ്റീൽ, സിമന്റ് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വിലയും ഉയരാൻ കാരണമായി. ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തകരാറുകൾ ഇന്ത്യയിലെ നിർമാണ ചെലവിനെ നേരിട്ട് ബാധിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധനായ ഷാജി ഭാർഗവന്റെ അഭിപ്രായത്തിൽ, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് രൂപപ്പെട്ട ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഈ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപതിലധികം വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം, ഭവന വില്പനയിൽ ഏകദേശം 10 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയതായി വ്യക്തമാക്കി.
റോ മെറ്റീരിയലുകളുടെ പെട്ടെന്നുണ്ടായ ലഭ്യത കുറവും വിലക്കയറ്റവും നിർമാണ മേഖലയെ കൂടുതൽ സമ്മർദത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലേബർ ക്യാമ്പുകളിലെ ഗ്യാസിന്റെ ലഭ്യത കുറവ് തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നതായും ഇത് പദ്ധതികളുടെ പുരോഗതിയെ കൂടുതൽ വൈകിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സംഘർഷം തുടരുകയാണെങ്കിൽ റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങാനിടയുണ്ടെന്ന ആശങ്കയും ഉയരുന്നു. നിർമാണം പൂർത്തിയാക്കുന്നതിൽ വൈകല്യം നേരിടുന്നതിനാൽ വീടുകളുടെ കൈമാറ്റം നിശ്ചിത സമയപരിധിക്കുള്ളിൽ നടക്കാനിടയില്ലെന്ന വിലയിരുത്തലും ശക്തമാണ്.
നിലവിലെ സാഹചര്യങ്ങൾ തുടർന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ അനിശ്ചിതത്വം അടുത്ത കാലയളവിലും നിലനിൽക്കും എന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.