മുംബൈ: ലോക്കൽ ട്രെയിനിൽ അംഗ പരിമിതർക്കായി സംവരണം ചെയ്ത കോച്ചിൽ പോളിയോ ബാധിതനായ യുവാവിനെ കൂട്ടമായി മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നഗരത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നു. CSMT – KARJAT ലോക്കൽ ട്രെയിനിലാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വ്യാപക ശ്രദ്ധ നേടുകയായിരുന്നു.
വീഡിയോയിൽ, കോച്ചിൽ ഇരുന്നിരുന്ന യുവാവിനോട് ചിലർ വാക്കുതർക്കം നടത്തുന്നതും തുടർന്ന് കൈയേറ്റത്തിലേക്ക് നീങ്ങുന്നതുമാണ് വ്യക്തമായി കാണുന്നത്. തുടർന്ന് ചിലർ ചേർന്ന് യുവാവിനെ തള്ളിയും അടിച്ചും മർദിക്കുന്ന ദൃശ്യങ്ങളും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. യുവാവ് പോളിയോ ബാധിതനാണെന്ന വിവരം ലഭ്യമായിരിക്കെ ഇത്തരത്തിലുള്ള ക്രൂരമായ പെരുമാറ്റം വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
അംഗ പരിമിതർക്കുള്ള പ്രത്യേകം സംവരണം ചെയ്ത കോച്ചിൽ പ്രവേശിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ, ശരീര വൈകല്യമുള്ള വ്യക്തിയോട് ഇത്തരം അമാനുഷികമായ സമീപനം കാട്ടിയത് സമൂഹമനസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ യാത്രക്കാരുടെ സുരക്ഷ, പ്രത്യേകിച്ച് അംഗ പരിമിതർക്കുള്ള സംരക്ഷണം എന്നിവയെ കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർന്നിട്ടുണ്ട്. സംഭവത്തെ ഗൗരവമായി കാണുന്ന റെയിൽവേ അധികൃതർ പ്രതികളെ തിരിച്ചറിഞ്ഞ് നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.