2 കോടി വാഹനങ്ങൾ പിന്നിട്ട് അടൽ സേതു; ഗതാഗതത്തിൽ വൻ മുന്നേറ്റം

by WhatsUp Mumbai

മുംബൈ: മുംബൈയും നവി മുംബൈയും തമ്മിലുള്ള ഗതാഗതത്തിന് പുതിയ ദിശാബോധം നൽകിയ അടൽ സേതു വെറും 26 മാസങ്ങൾക്കകം
2026 മാർച്ച് 27 വരെ ആകെ 2 കോടിയിലധികം 
(2,00,00,316) വാഹനങ്ങൾ ഈ പാലം വഴി സഞ്ചരിച്ചു

2024 ജനുവരിയിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത ഈ സമുദ്രപാലം അതിവേഗം നഗര ഗതാഗതത്തിന്റെ പ്രധാന പാതയായി മാറിയിരിക്കുകയാണ്.

മുംബൈ മെട്രോ പൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (MMRDA) യാണ്‌ കണക്കുകൾ പുറത്ത് വിട്ടത്.

രാജ്യത്തെ ഏറ്റവും നീളം കൂടിയ സമുദ്രപാലങ്ങളിലൊന്നായ ഈ പദ്ധതി ഗതാഗത രംഗത്ത് വലിയ മാറ്റത്തിനാണ് വഴിവച്ചിരിക്കുന്നത്.

ദക്ഷിണ മുംബൈയിലെ ശിവരി യെ നവി മുംബൈയുമായി  ബന്ധിപ്പിക്കുന്ന ഈ പാലം യാത്രാസമയം ഗണ്യമായി ചുരുക്കിയതാണ് ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത്. മുമ്പ് ഒരു മണിക്കൂറിലധികം എടുത്തിരുന്ന യാത്ര ഇപ്പോൾ ഏകദേശം 20 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുന്നതിലൂടെ യാത്രക്കാരുടെ സമയവും ഇന്ധനച്ചെലവും ലാഭിക്കപ്പെടുന്നു.

വാഹന ഗതാഗത കണക്കുകൾ പ്രകാരം, പാലം ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും സ്വകാര്യ വാഹനങ്ങളാണ്. ആകെ ഗതാഗതത്തിന്റെ 90 ശതമാനത്തിലധികം സ്വകാര്യ വാഹനങ്ങളാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതുകൂടാതെ ചെറുകിട വാണിജ്യ വാഹനങ്ങളും വലിയ വാഹനങ്ങളും ഈ മാർഗം സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.

ദിവസേനയുള്ള യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും ഒരുപോലെ അനിവാര്യമായ ഈ സമുദ്രപാലം, മുംബൈ–നവി മുംബൈ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഭാവിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഈ പദ്ധതി വലിയ പിന്തുണയായിരിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.

You may also like