കാണാതെ പോകരുത്! നാരായണീയ ഭക്ത സംഗമം മുംബൈയിൽ വിസ്മയം തീർക്കും

by WhatsUp Mumbai

മുംബൈ : കഞ്ചുർമാർഗ് വെസ്റ്റിലെ മിനി ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ ‘നാരായണീയ ഭക്ത സംഗമം’ മാർച്ച് 29-ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കും. കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (കെ.കെ.കെ.എസ്), മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നാരായണീയ പാരായണവും ക്വിസ് മത്സരവും മുഖ്യ ആകർഷണങ്ങളായ സംഗമത്തിൽ വിവിധ ഭക്തസംഘങ്ങളും  സംഘടനകളും പങ്കെടുക്കും. ഓരോ വർഷവും ശരാശരി 35 ടീമുകൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഇത്തവണയും ശ്രദ്ധേയമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഓരോ ടീമിലും 7 മുതൽ 12 പേർവരെ അംഗങ്ങളുണ്ടാകും.

കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക പാരായണ മത്സരങ്ങൾ സമിതി സംഘടിപ്പിച്ചുവരുന്നു. ഇതിന്റെ തുടർച്ചയായി 2026 സെപ്റ്റംബറിൽ നവി മുംബൈയിലെ സിബിഡി ബെലാപൂരിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ നാലാമത് പാരായണ മത്സരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

മത്സരത്തിലെ മികച്ച പ്രകടനക്കാർക്ക് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ പേരിലുള്ള ട്രോഫികളും  സമ്മാനമായി നൽകും. ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയും ആയിരിക്കും. പ്രോത്സാഹന സമ്മാനങ്ങളും  സർട്ടിഫിക്കറ്റുകളും നൽകും.

മുംബൈയും പുണെയും ഉൾപ്പെടെ 80-ലധികം ക്ഷേത്രങ്ങളെ ഏകോപിപ്പിക്കുന്ന കെ.കെ.കെ.എസ്,  വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്ന രജിസ്റ്റർ ചെയ്ത സേവനസംഘടനയാണ്. ഓരോ വർഷവും 1500-ലധികം ശ്രീകൃഷ്ണഭക്തർ സംഗമത്തിൽ പങ്കെടുക്കുന്നുവെന്ന് സംഘാടകർ വ്യക്തമാക്കി.

You may also like