മുംബൈ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്ര ബി.ജെ.പി അദ്ധ്യക്ഷൻ രവീന്ദ്ര ചവാൻ ഡോംബിവല്ലിയിലെ വസതിയിൽ യോഗം ചേർന്നു. മുംബൈയിൽ താമസിക്കുന്ന കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള മലയാളി പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തനപദ്ധതി യോഗത്തിൽ രൂപീകരിച്ചു. ഓരോ മണ്ഡലങ്ങളിലെയും പ്രവർത്തകർ സ്വന്തം നാട്ടിലേക്ക് പോയി പാർട്ടിയുടെ സ്ഥാനാർത്ഥികൾക്കായി പ്രവർത്തിക്കണമെന്ന് തീരുമാനിച്ചു.
മഹാരാഷ്ട്രയിൽ താമസിക്കുന്ന മലയാളികൾ ഫോൺ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും കേരളത്തിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ അഭ്യർത്ഥിക്കണമെന്ന് രവീന്ദ്ര ചവാൻ നിർദ്ദേശിച്ചു.

കേരളത്തിലെ വിവിധ മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മഹാരാഷ്ട്രയിലെ മുതിർന്ന നേതാക്കളെയും എം.എൽ.എമാരെയും എം.പിമാരെയും ചുമതലപ്പെടുത്തി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് തവ്ഡെയ്ക്കാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല.
യോഗത്തിൽ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ അതുൽ കൽസേക്കർ, മഹാരാഷ്ട്ര മലയാളി വിഭാഗം കോർഡിനേറ്റർ ഉത്തംകുമാർ, ഡോംബിവല്ലി സൗത്ത് ഇന്ത്യൻ സെൽ പ്രസിഡന്റ് മോഹൻ നായർ എന്നിവരുള്‍പ്പെടെ നിരവധി മലയാളി പ്രവർത്തകർ പങ്കെടുത്തു.