പ്രവാസ ജീവിതത്തിന്റെ നൊമ്പരവും സ്വപ്നങ്ങളും ചേർന്ന ‘പ്രവാസി സാഹിതി’ പ്രകാശനം

by WhatsUp Mumbai

പൂനെ: മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ നിന്നുള്ള പ്രവാസി മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ‘പ്രവാസി സാഹിതി’ എന്ന സാഹിത്യസമാഹാരം പൂനെയിൽ പ്രകാശനം ചെയ്തു. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്മ) മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ ഉപസമിതിയായ സർഗ്ഗവേദിയാണ് പുസ്തകം പുറത്തിറക്കിയത്. ചിഞ്ച്‌വാഡ് മലയാളി സമാജം കേരള ഭവനിലെ സി.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യ-സാംസ്കാരിക പ്രവർത്തകൻ സജി എബ്രാഹം പുസ്തകം പ്രകാശനം ചെയ്തു.

സർഗ്ഗവേദി ചെയർമാൻ മോഹൻ ശങ്കർ മൂസ്സത് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാമകൃഷ്ണൻ പാലക്കാട് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രവാസജീവിതത്തിന്റെ അനുഭവങ്ങളും വികാരങ്ങളും സാഹിത്യഭാഷയിൽ ആവിഷ്കരിക്കുന്ന ഈ കൃതി പ്രവാസി മലയാളി എഴുത്തുകാരുടെ സൃഷ്ടിപരമായ ഇടപെടലിന്റെ തെളിവാണെന്ന് പ്രസംഗകർ പറഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലുള്ള മലയാളി എഴുത്തുകാരെ ഒരേ വേദിയിൽ കൂട്ടിച്ചേർത്ത സാഹിത്യസംരംഭമായും പുസ്തകം ശ്രദ്ധ നേടി.

ചിഞ്ച്‌വാഡ് മലയാളി സമാജം പ്രസിഡന്റും ഫെയ്മ അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ ടി.പി. വിജയൻ, അഡ്വൈസറി കമ്മിറ്റി വൈസ് ചെയർമാൻ പി.വി. ഭാസ്കരൻ, മാധ്യമപ്രവർത്തകരായ ജെ.പി. തകഴി, രവി എൻ.പി., ചിഞ്ച്‌വാഡ് മലയാളി സമാജം ജനറൽ സെക്രട്ടറി സുധീർ സി. നായർ, സാഹിത്യവേദി കൺവീനറും ട്രഷററുമായ വി.കെ. രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഫെയ്മ മഹാരാഷ്ട്ര പ്രസിഡന്റ് ജയപ്രകാശ് നായർ ആശംസകൾ അറിയിച്ചു.

പുസ്തകത്തിന്റെ കവർ രൂപകൽപ്പന ചെയ്ത രേഷ്മ രാധാകൃഷ്ണപിള്ളയ്ക്കും, പുസ്തകത്തിന് പേര് നിർദ്ദേശിച്ച ബിമൽറോയിക്കും ഉപഹാരങ്ങൾ നൽകി. അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ഫെയ്മ വനിതാവേദി ഏർപ്പെടുത്തിയ ‘മഹിളാരത്നം’ പുരസ്കാരം മഞ്ജുള കെ.കെ, ബിജി ഷാജി എന്നിവർക്ക് സമ്മാനിച്ചു. വനിതാവേദി സംഘടിപ്പിച്ച ‘ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ്’ മത്സരത്തിലെ വിജയികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി.

പുസ്തകത്തിൽ രചനകൾ നൽകിയ എഴുത്തുകാരിൽ ചടങ്ങിൽ സന്നിഹിതരായവരെ വേദിയിൽ ആദരിച്ചു. കൂടാതെ, പൂനെയിലെ സാഹിത്യപ്രവർത്തകനായ ചെറിയനാട് ബാബു രചിച്ച ‘എൻ്റെ തെരഞ്ഞെടുത്ത കവിതകൾ’ എന്ന കവിതാസമാഹാരവും ചടങ്ങിൽ പ്രകാശനം ചെയ്തു.

ഋതു സുമേഷ് നായർ ആലപിച്ച പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ രോഷ്നി അനിൽകുമാർ സ്വാഗതവും രാധാകൃഷ്ണ പിള്ള നന്ദിയും രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ ഫെയ്മ ഭാരവാഹികളും സാഹിത്യ-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.

You may also like