താനെ : വിയ്യൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കാണാതായ കുട്ടിയെ സംബന്ധിച്ച കേസിന്റെ അന്വേഷണത്തിനിടെ,മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് കുട്ടികളെ കണ്ടെത്തി.
വിവിധ ഇടങ്ങളിൽ നിന്ന് കാണാതായ ഇവരെ കണ്ടെത്തിയത് പോലീസിന്റെ കൃത്യവും ഏകോപിതവുമായ നീക്കങ്ങളിലൂടെ ആണ്.
2026 ഫെബ്രുവരി 26-നാണ് വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു ആൺകുട്ടിയെ കാണാതായത്. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ, പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു പെൺകുട്ടിയും കാണാതായതായി കണ്ടെത്തി. ഇരുവരും പരസ്പരം പരിചയമുള്ളവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ എത്തിയതായി സൂചന ലഭിച്ചത്. ഉടൻ തന്നെ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം താനെയിലേക്ക് പുറപ്പെട്ടു. അവിടെ നടത്തിയ അന്വേഷണത്തിൽ കാണാതായ ഇരുകുട്ടികളെയും സുരക്ഷിതമായി കണ്ടെത്തി.
ഇതിനിടെ, വിയ്യൂർ ചിൽഡ്രൻസ് ഹോമിൽ നിന്ന് മുൻപ് കാണാതായ മഹാരാഷ്ട്ര സ്വദേശിയായ 10 വയസ്സുകാരൻ നാസിക്കിൽ ഉണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. തുടർന്ന് സംഘം നാസിക്കിലെത്തി കുട്ടിയെയും കണ്ടെത്തി. നിയമനടപടികൾ പൂർത്തിയാക്കി കോടതിമുഖാന്തിരം കുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറി.
താനെയിൽ നിന്ന് കണ്ടെത്തിയ കുട്ടികളെയും നാട്ടിലെത്തിച്ച് കോടതിയുടെ അനുമതിയോടെ രക്ഷിതാക്കൾക്ക് വിട്ടുകൊടുത്തു.
സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ഐപിഎസിന്റെ മേൽനോട്ടത്തിൽ, ഒല്ലൂർ എസിപി ടോമൺ കെ.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ മിഥുൻ കെ.പി., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജീവ് എ.വി., പി.ജി. പ്രേംകുമാർ, സിവിൽ പോലീസ് ഓഫീസർ മിനില എ.എം. (പീച്ചി പോലീസ് സ്റ്റേഷൻ) എന്നിവർ പങ്കെടുത്തു.