മുംബൈ: ഡേറ്റിംഗ് ആപ്പുകൾ വഴിയായി സമ്പന്നരായ പുരുഷന്മാരെ ലക്ഷ്യമാക്കി തട്ടിപ്പ് നടത്തിയ സംഘത്തെ മുംബൈ പൊലീസ് പിടികൂടി. സ്ത്രീകളെ മുൻനിരയിൽ നിർത്തി പ്രവർത്തിച്ച ഈ സംഘം, ടിൻഡർ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ആദ്യം പരിചയം സ്ഥാപിക്കുകയും പിന്നീട് കഫേകളിലേക്ക് ക്ഷണിച്ച് പണം പിരിക്കുകയുമായിരുന്നു.
അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ: ഡേറ്റിംഗ് ആപ്പുകളിൽ ആകർഷകമായ പ്രൊഫൈലുകൾ സൃഷ്ടിച്ച് പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച ശേഷം, ഇവരെ നിശ്ചിത കഫേകളിലേക്കോ ക്ലബുകളിലേക്കോ വിളിച്ചുവരുത്തും. തുടർന്ന് അമിതവില ഈടാക്കിയ ബിൽ നൽകുകയും, അത് അടയ്ക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തിയും പണം ഈടാക്കിയതായി പൊലീസ് വ്യക്തമാക്കി.
സാകിനാക മേഖലയെ കേന്ദ്രീകരിച്ചായിരുന്നു ഈ തട്ടിപ്പ് നടന്നത്. സമാനമായ പരാതികൾ വർധിച്ചതിനെ തുടർന്ന് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന കഫേയും ക്ലബും പൊലീസ് സീൽ ചെയ്തു.
സ്ത്രീകളെ ഉപയോഗിച്ച് പുരുഷന്മാരെ കുടുക്കുകയും, കൂട്ടാളികളുമായി ചേർന്ന് സാമ്പത്തികമായി ചൂഷണം നടത്തുകയും ചെയ്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്. നിരവധി പേർക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. പരിചയമില്ലാത്ത ആളുകളെ നേരിൽ കാണുമ്പോൾ സുരക്ഷ ഉറപ്പാക്കുകയും, സംശയാസ്പദമായ സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ പൊലീസിനെ സമീപിക്കണമെന്നും അധികൃതർ അറിയിച്ചു.