മുംബൈയിൽ കേരളത്തിന്റെ മേളതാളം; 15 മാസത്തെ അഭ്യാസത്തിന് ശേഷം ചെറുശബരിമലയിൽ അരങ്ങേറ്റം

by WhatsUp Mumbai

മുംബൈ: നാല്ലസോപാറയിലെ ചെറുശബരിമല ക്ഷേത്രത്തിൽ നടന്ന ചെമ്പട മേളത്തിന്റെ അരങ്ങേറ്റം ശ്രദ്ധ നേടി. പതിനഞ്ച് മാസത്തെ പരിശീലനത്തിനൊടുവിൽ 16 കലാകാരന്മാർ ചേർന്നാണ് ക്ഷേത്രത്തിലെ ഭജനമണ്ഡപത്തിൽ ചെമ്പട മേളം അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിന് മുന്നിൽ ഉയർന്ന താളനാദം പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു.

16 മുതൽ 60 വരെ പ്രായമുള്ളവരാണ് ഈ സംഘത്തിൽ ഉൾപ്പെട്ടത്. കേരളത്തിന്റെ പൈതൃകമായ ചെണ്ടമേളം അഭ്യസിക്കണമെന്ന ആഗ്രഹമാണ് ഇവരെ ഒരുമിപ്പിച്ചത്. സംഘത്തിൽ 16 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പെൺകുട്ടികൾ പങ്കെടുത്തതും ശ്രദ്ധേയമായി.

ചെറുശബരിമല ക്ഷേത്ര ഭരണസമിതിയുടെ പിന്തുണയോടെയാണ് പരിശീലനം ആരംഭിച്ചത്. മുംബൈയിലെ ചെണ്ടകലാകാരനായ കലാക്ഷേത്രം അജയൻ നായരുടെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്. ഗുരുവിന്റെ പുത്രനായ ആദിത്യനും പരിശീലനത്തിന് നേതൃത്വം നൽകി.

കോളേജിൽ പഠിക്കുന്നവരും ജോലി ചെയ്യുന്നവരുമായ അംഗങ്ങൾ ദിവസത്തെ തിരക്കുകൾ കഴിഞ്ഞ് ഓരോ വൈകുന്നേരവും അഭ്യാസത്തിനായി ഒന്നിച്ചുകൂടുകയായിരുന്നു. മാസങ്ങളോളം നീണ്ട പരിശീലനത്തിനൊടുവിലാണ് മേളസംഘം അരങ്ങേറ്റത്തിന് തയ്യാറായത്.

മാർച്ച് 15-ന് രാവിലെ 10 മണിക്ക് ലതീഷ് നായർ, രാജേഷ് കുമാർ എസ്, സജീവ് ശശിധരൻ, വേണുഗോപാലൻ നായർ, മുരളീധരൻ കെ, ഉണ്ണികൃഷ്ണൻ നായർ, സുരേഷ് കുമാർ വി, ഉണ്ണികൃഷ്ണൻ മുത്തു, ഏറ്റുമാനൂർ സജി, വിശ്വംഭര വർമ്മ, പുഷ്പരാജ് ബാലൻ, സുധീർ സ്വാമിനാഥൻ, ജയപ്രകാശ് കെ, ജിജി ജയപ്രകാശ്, നവ്യ പുഷ്പരാജ്, അഞ്ജലി സുരേഷ് കുമാർ എന്നിവർ ചേർന്നാണ് ചെമ്പട മേളം അവതരിപ്പിച്ചത്.

ചെമ്പട മേളത്തിന് പിന്നാലെ ആശാന്റെ മറ്റ് ശിഷ്യന്മാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറി. തുടർന്ന് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ച കലാകാരന്മാരെയും അവരുടെ ഗുരുക്കന്മാരെയും ക്ഷേത്ര ഭരണസമിതി ആദരിച്ചു.

കേരളത്തിലെ പൂരപ്പറമ്പുകളിൽ മുഴങ്ങുന്ന മേളനാദം മുംബൈയുടെ മണ്ണിലും അതേ ആവേശത്തോടെ മുഴങ്ങിയ നിമിഷമായിരുന്നു ഈ പരിപാടി.

You may also like