മുംബൈ വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്ന് പിടികൂടി; മലയാളി യുവാവ് അറസ്റ്റിൽ

by WhatsUp Mumbai

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കേരള സ്വദേശിയായ യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ബാങ്കോക്കിൽ നിന്ന് എത്തിയ നൗഷാദ് ഒലപ്പുലൻ (28) എന്നയാളെയാണ് പിടികൂടിയത്.ഇയാൾ എറണാകുളം സ്വദേശിയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

സംശയം തോന്നിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇയാളുടെ ബാഗുകൾ പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിൽ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ പാക്കറ്റുകളിലാക്കി സൂക്ഷിച്ച മയക്കുമരുന്നാണ് കണ്ടെത്തിയത്.

പരിശോധനയിൽ ഇത് ഹൈഡ്രോപോണിക് വീഡ് എന്നറിയപ്പെടുന്ന കഞ്ചാവിനമാണെന്ന് സ്ഥിരീകരിച്ചു. ആകെ 12.688 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. അന്താരാഷ്ട്ര കള്ളവിപണിയിൽ ഇതിന് ഏകദേശം ₹12.68 കോടി വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മയക്കുമരുന്ന് NDPS നിയമപ്രകാരം പിടിച്ചെടുത്തതോടൊപ്പം പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മയക്കുമരുന്ന് ബാങ്കോക്കിൽ നിന്ന് ആരാണ് കൈമാറിയത്, മുംബൈയിൽ എത്തിച്ച ശേഷം ആർക്കാണ് നൽകേണ്ടിയിരുന്നത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും കസ്റ്റംസ് പരിശോധിച്ചുവരികയാണ്.

You may also like