പോലീസ് സേനയിൽ നിന്ന് നോർക്കയിലേക്ക്; മുംബൈ മലയാളികളുടെ ഹൃദയം കീഴടക്കി റഫീഖ് വിരമിച്ചു

by admin

1994-ൽ കേരള പോലീസ് സേനയിൽ കോൺസ്റ്റബിൾ ആയി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച റഫീഖ് എസ്, സമർപ്പണവും സത്യനിഷ്ഠയും നിറഞ്ഞ ഒരു സേവനപഥമാണ് പിന്നിട്ടത്. പോലീസ് വകുപ്പിലും ഫോറസ്റ്റ് വകുപ്പിലും സേവനം അനുഷ്ഠിച്ച അദ്ദേഹം പിന്നീട് സെക്രട്ടറിയേറ്റ് സർവീസിലേക്ക് കടന്നു. വിവിധ വകുപ്പുകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തോടെ പിന്നീട് നോർക്കയുടെ പ്രവർത്തനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചു.

2024 ഓഗസ്റ്റിൽ മുംബൈ നോർക്ക ഡെവലപ്‌മെന്റ് ഓഫീസറായി ചുമതലയേറ്റ അദ്ദേഹം, വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ മുംബൈയിലെ മലയാളികൾക്കായി നിരവധി ഗുണകരമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്തു. ആകെ 13 സംസ്ഥാനങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

മാർച്ച് 5-ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച റഫീഖ് , സമർപ്പിത സേവനത്തിന്റെ ഓർമ്മകൾ നിറഞ്ഞ ഒരു അധ്യായം പിന്നിലാക്കി പോകുകയാണ്. മുംബൈയിലെ മലയാളികളുടെ മനസിൽ ഓർമ്മിക്കപ്പെടുന്ന ഒരു സേവനമുഖമായിട്ടാണ് അദ്ദേഹം തുടരുന്നത്.

മുംബൈയിൽ നോർക്കയുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ നേരിട്ട പ്രധാന വെല്ലുവിളി എന്തായിരുന്നു? അതിനെ എങ്ങനെ മറികടന്നു?

മുൻപ് സേവനം അനുഷ്ഠിച്ച നോർക്ക ഡെവലപ്മെന്റ് ഓഫീസർമാരുടെയും മഹാരാഷ്ട്രയിലെ മലയാളി സംഘടനകളുടെയും മികച്ച സഹകരണം ഉണ്ടായതിനാൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നില്ല. വിവിധ മലയാളി അസോസിയേഷനുകളുമായും കൂട്ടായ്മകളുമായും അടുത്ത ബന്ധം സ്ഥാപിച്ച് പ്രവർത്തനങ്ങൾ എളുപ്പത്തിൽ ഏകോപിപ്പിക്കാൻ സാധിച്ചു.

എന്നാൽ ചെറിയ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന പല യുവാക്കൾക്കും താമസ തെളിവുകളുടെ അഭാവം കാരണം എൻആർകെ ഐഡി കാർഡ് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ സാക്ഷ്യപത്രം അടിസ്ഥാനമാക്കി സർട്ടിഫൈ ചെയ്ത് ഐഡി കാർഡ് നൽകുന്ന സംവിധാനം നടപ്പിലാക്കാൻ കഴിഞ്ഞു. വിവിധ മലയാളി സംഘടനകളുടെ പിന്തുണയും ഇതിന് സഹായമായി.

മഹാരാഷ്ട്രയിൽ കൂടുതൽ പ്രവാസികളെ നോർക്കയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞത് എങ്ങനെ?

മഹാരാഷ്ട്രയിലെ സജീവമായ മലയാളി അസോസിയേഷനുകളുമായി അടുത്ത സഹകരണത്തോടെ പ്രവർത്തിച്ചതാണ് പ്രധാന കാരണം. താനേ, മുംബൈ, നവി മുംബൈ, റായിഗഡ്, പൂനെ തുടങ്ങിയ ജില്ലകളിൽ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച് അവബോധ ക്യാമ്പുകൾ സംഘടിപ്പിച്ചു.

2025 സെപ്റ്റംബർ 22ന് ആരംഭിച്ച ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതിയും പ്രവാസികളെ നോർക്കയുമായി കൂടുതൽ അടുപ്പിക്കാൻ സഹായിച്ചു. വിവിധ സാമൂഹിക സംഘടനകളുടെ പിന്തുണയോടെ നിരവധി കുടുംബങ്ങൾ ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു.

നോർക്കയെ കുറിച്ച് അറിയാത്ത പ്രവാസികളിൽ ബോധവൽക്കരണം സൃഷ്ടിക്കാൻ സ്വീകരിച്ച മാർഗങ്ങൾ എന്തൊക്കെയായിരുന്നു?

മലയാളി സംഘടനകളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഫലപ്രദമായി ഉപയോഗിച്ചു. കൂടാതെ വിവിധ സ്ഥലങ്ങളിൽ അവബോധ ക്യാമ്പുകളും സംവാദ പരിപാടികളും സംഘടിപ്പിച്ച് പ്രവാസികളുമായി നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചു.

‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചതോടെ നോർക്കയെക്കുറിച്ചുള്ള അവബോധം കൂടുതൽ വർധിച്ചു. എൻആർകെ ഐഡി കാർഡ് നിർബന്ധമായതിനാൽ നിരവധി പ്രവാസികൾ ആദ്യമായി നോർക്കയിൽ രജിസ്റ്റർ ചെയ്യാനും മുന്നോട്ട് വന്നു.

പ്രവാസികൾക്കായുള്ള ഇൻഷുറൻസ് പദ്ധതികൾ ആളുകളിലേക്ക് എത്തിക്കാൻ നടത്തിയ ശ്രമങ്ങൾ എങ്ങനെ ഫലപ്രദമായി?

നേരിട്ടുള്ള അവബോധ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിച്ചതാണ് പ്രധാന കാരണം. ഓൺലൈൻ–ഓഫ്‌ലൈൻ പരിപാടികൾ വഴി നിരവധി പ്രവാസികൾക്ക് പദ്ധതികളുടെ ഗുണം വിശദീകരിക്കാൻ കഴിഞ്ഞു. ഇതോടെ എൻആർകെ ഐഡി കാർഡും ഇൻഷുറൻസ് പദ്ധതികളും സ്വീകരിക്കാൻ കൂടുതൽ പേർ മുന്നോട്ട് വന്നു.

ഇൻഷുറൻസ് പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവാസികൾ ഉയർത്തുന്ന പ്രധാന ആശങ്കകൾ എന്തൊക്കെയാണ്?

പ്രധാനമായും പ്രായപരിധിയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഉയരുന്നത്. നോർക്ക ഐഡി കാർഡിനും ‘നോർക്ക കെയർ’ പദ്ധതിക്കും നിലവിലുള്ള 70 വയസ്സ് പരിധി കൂടുതൽ ഇളവോടെ വിപുലീകരിക്കണമെന്നാണ് പലരുടെയും ആവശ്യം. ക്ഷേമനിധി പെൻഷൻ പദ്ധതിയിലും ചില മാറ്റങ്ങൾ വേണമെന്ന അഭിപ്രായം പ്രവാസികൾ പ്രകടിപ്പിക്കുന്നു.

നോർക്കയിൽ അംഗമായാൽ ഒരു പ്രവാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ മാറ്റം എന്താണ്?

നോർക്കയിൽ അംഗമാകുന്നതിലൂടെ ഒരു പ്രവാസി കേരള സർക്കാരിന്റെ ഔദ്യോഗിക ഡാറ്റാബേസിൽ ഉൾപ്പെടുന്നു. എൻആർകെ ഐഡി കാർഡ് പ്രവാസി സ്ഥിതി തെളിയിക്കുന്ന പ്രധാന രേഖയായി പ്രവർത്തിക്കുകയും വിവിധ ക്ഷേമപദ്ധതികളിൽ അംഗമാകാനുള്ള അവസരം നൽകുകയും ചെയ്യുന്നു.

ഇന്നും നോർക്കയോട് അകന്നു നിൽക്കുന്ന പ്രവാസികൾക്ക് താങ്കൾ നൽകുന്ന സന്ദേശം എന്താണ്?

അവബോധക്കുറവാണ് പല പ്രവാസികളും നോർക്കയിൽ നിന്ന് അകന്നു നിൽക്കാനുള്ള പ്രധാന കാരണം. നോർക്കയുടെ ക്ഷേമപദ്ധതികൾ പ്രവാസികളുടെ സുരക്ഷയ്ക്കും ഭാവിക്കും ഉപകാരപ്പെടുന്നതാണ്. അതിനാൽ എല്ലാ പ്രവാസികളും പദ്ധതികളെക്കുറിച്ച് അറിയുകയും അതിന്റെ ഭാഗമാകുകയും ചെയ്യണം.

താങ്കളുടെ പ്രവർത്തനകാലത്തെ വ്യക്തിപരമായി എങ്ങനെ വിലയിരുത്തുന്നു?

വളരെയധികം സംതൃപ്തിയോടെയാണ് ഈ കാലയളവിനെ ഞാൻ ഓർക്കുന്നത്. പ്രവാസി മലയാളികളുമായി നേരിട്ട് ഇടപഴകാനും അവരുടെ പ്രശ്നങ്ങളിൽ സഹായിക്കാനും കഴിഞ്ഞത് വലിയ സന്തോഷമാണ്.

നോർക്കയുടെ പ്രവർത്തനം ഒരു ജോലി മാത്രമാണോ, സാമൂഹിക ദൗത്യമാണോ?

എന്റെ അനുഭവത്തിൽ ഇത് ഒരു ഔദ്യോഗിക ജോലി മാത്രമല്ല. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ടതിനാൽ ഇത് ഒരു സാമൂഹിക ദൗത്യമെന്ന നിലയിലാണ് ഞാൻ കാണുന്നത്.

“ഒടുവിൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. മുംബൈയിലെ സേവനാനുഭവം താങ്കൾ എങ്ങനെ വിലയിരുത്തുന്നു?”

ഇവിടെ ചെലവഴിച്ച സമയം എനിക്ക് നിരവധി അർത്ഥപൂർണ്ണമായ അനുഭവങ്ങളും വിലമതിക്കാനാവാത്ത ഓർമ്മകളും സമ്മാനിച്ചു. ഈ യാത്രയിൽ മുംബൈക്കാർ നൽകിയ സഹകരണത്തിനും സ്നേഹപൂർവ്വമായ പിന്തുണയ്ക്കും ഞാൻ ഏറെ നന്ദിയുള്ളവനാണ്.പല കാര്യങ്ങളും ഈ കാലയളവിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

You may also like