മുംബൈ: ഇറാൻ–ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട മുംബൈ സ്വദേശിയായ നാവികന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കുടുംബം ആരോപിച്ചു. മകന്റെ മൃതദേഹം എവിടെയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് അധികൃതർ വിശദീകരണം നൽകണമെന്നും പിതാവ് ആവശ്യപ്പെട്ടു.
മുംബൈയിലെ കാന്തിവിലി സ്വദേശിയായ ദീക്ഷിത് സോളങ്കി (32) ജോലി ചെയ്തിരുന്ന കപ്പൽ ഒമാൻ തീരത്തിന് സമീപം ആക്രമിക്കപ്പെട്ടപ്പോൾ ഉണ്ടായ സ്ഫോടനത്തിലാണ് അദ്ദേഹം മരിച്ചതെന്ന് കപ്പൽ കമ്പനി അറിയിച്ചു.
സംഭവത്തിന് ഏതാനും മണിക്കൂറുകൾ മുമ്പ് കടലിലെ സാഹചര്യം ഗുരുതരമാണെന്ന് സോളങ്കി സന്ദേശം അയച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പിന്നീട് കപ്പലിൽ സ്ഫോടനം നടന്നതായി അറിയിച്ചതോടെയാണ് മരണവാർത്ത കുടുംബത്തെത്തിയത്.
എന്നാൽ മകന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും പിതാവ് ആരോപിക്കുന്നു. മൃതദേഹം കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കുടുംബം ബന്ധപ്പെട്ട അധികൃതരോട് സഹായം തേടിയിട്ടുണ്ട്.
കപ്പലിലുണ്ടായിരുന്ന മറ്റ് 21 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി ഒമാനിലേക്ക് മാറ്റിയതായി കപ്പൽ കമ്പനി അറിയിച്ചു.