മതമാറ്റം തടയാൻ പുതിയ ബിൽ; മഹാരാഷ്ട്ര മന്ത്രിസഭയുടെ നിർണായക തീരുമാനം

by WhatsUp Mumbai

മുംബൈ: ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവ വഴി നടക്കുന്ന മതമാറ്റങ്ങൾ തടയുന്നതിനായി തയ്യാറാക്കിയ നിയമപ്രമേയത്തിന് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നൽകി. പൊതുവെ ‘ലവ് ജിഹാദ് വിരുദ്ധ ബിൽ’ എന്ന പേരിലാണ് ഈ നിയമപ്രമേയം അറിയപ്പെടുന്നത്.

പ്രമേയത്തിലെ വ്യവസ്ഥകൾ പ്രകാരം മതം മാറാൻ ആഗ്രഹിക്കുന്നവർ മുൻകൂർ അനുമതി നേടണം. ഇതിനായി ബന്ധപ്പെട്ട അധികാരിക്ക് 60 ദിവസം മുമ്പ് നോട്ടീസ് നൽകണം. മതമാറ്റം നടന്നാൽ 25 ദിവസത്തിനകം അത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നും ബിൽ വ്യക്തമാക്കുന്നു.

ബലപ്രയോഗം, വഞ്ചന, പ്രലോഭനം എന്നിവ ഉപയോഗിച്ച് മതമാറ്റം നടത്തുന്നതായി പരാതി ലഭിച്ചാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. ഇത്തരം അനധികൃത മതമാറ്റങ്ങൾ തടയുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

സംസ്ഥാന നിയമസഭയുടെ നിലവിലെ ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ‘ധർമ്മ സ്വാതന്ത്ര്യ നിയമം 2026’ എന്ന പേരിലാണ് പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നത്.

You may also like