നാഗ്പൂർ ഫാക്ടറി ദുരന്തം: 18 പേർ മരിച്ചു;കൊല്ലപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

by WhatsUp Mumbai

മുംബൈ :

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു ഫാക്ടറിയിൽ ഉണ്ടായ ശക്തമായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി.നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ആശങ്കയും ഭീതിയും നിലനിന്നു.

സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ പുറത്തിറങ്ങിയപ്പോൾ ഫാക്ടറി സമുച്ചയം പുകമഞ്ഞിൽ മറഞ്ഞിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തു സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

സ്‌ഫോടനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. സാങ്കേതിക തകരാറോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയിലെ സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്താശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനവും അന്വേഷണവും പുരോഗമിക്കുകയാണ്.

 

You may also like