മുംബൈ: മിഡിൽ ഈസ്റ്റ് മേഖലയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലേക്കും ബഹറൈനിലേക്കും നിശ്ചയിച്ചിരുന്ന ചില വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ ആശയക്കുഴപ്പം ഉണ്ടായി. നൂറുകണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
വിമാനങ്ങൾ റദ്ദാക്കിയ വിവരം മുൻകൂട്ടി ലഭിക്കാതിരുന്നതിനാൽ പലരും ബോർഡിംഗ് നടപടികൾക്കായി എത്തിയ ശേഷമാണ് സംഭവം അറിഞ്ഞത്. ഇതോടെ വിമാനക്കമ്പനികളുടെ കൗണ്ടറുകൾക്ക് മുന്നിൽ നീണ്ട നിരകൾ രൂപപ്പെട്ടു. പുനർബുക്കിംഗ് എപ്പോൾ ലഭിക്കും, പണം തിരികെ കിട്ടുമോ എന്ന ആശങ്കയിൽ പല യാത്രക്കാരും ബഹളം വെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കുടുംബങ്ങളോടൊപ്പം യാത്ര തിരിച്ചവരും വിദേശത്ത് ജോലി ചെയ്യാൻ പോകുന്നതുമായ നിരവധി പേർ മണിക്കൂറുകളോളം കാത്തുനിന്നു. ചിലർ നിലത്തിരുന്നും വിവരത്തിനായി കാത്തിരുന്നു മൊക്കെ സമയം ചിലവഴിച്ചു.
അതേസമയം സുരക്ഷാ കാരണങ്ങളാൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതാണെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതനുസരിച്ച് കൂടുതൽ വിവരം അറിയിക്കുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.