മുംബൈ: മരണപ്പെട്ട ഒരു പാത്തോളജിസ്റ്റിന്റെ പേരും ഒപ്പും ഉപയോഗിച്ച് ലാബ് പരിശോധനാ റിപ്പോർട്ടുകൾ പുറത്തിറങ്ങിയ സംഭവം നഗരത്തിൽ വലിയ വിവാദമായി. 2025 നവംബർ 20-ന് ഡോക്ടർ അന്തരിച്ചിട്ടും, പിന്നീട് മാസങ്ങളോളം അദ്ദേഹത്തിന്റെ ഒപ്പോടുകൂടിയ റിപ്പോർട്ടുകൾ നൽകിയതായി കണ്ടെത്തി.
സംഭവം മഹാരാഷ്ട്ര അസോസിയേഷൻ ഓഫ് പ്രാക്ടീസിങ് പാത്തോളജിസ്റ്റ്സ് ആൻഡ് മൈക്രോബയോളജിസ്റ്റ്സ് (MAPPM) ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് പുറത്ത് വന്നത്. 2026 ജനുവരി വരെ മരിച്ച ഡോക്ടറുടെ ഒപ്പുള്ള പരിശോധനാഫലങ്ങൾ നൽകിയതായി സംഘടന ആരോപിച്ചു.
സംസ്ഥാനത്ത് നിരവധി ലാബുകൾ യോഗ്യതയുള്ള പാത്തോളജിസ്റ്റില്ലാതെ പ്രവർത്തിക്കുന്നതായും MAPPM ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ തെറ്റായ പരിശോധനാഫലങ്ങൾക്ക് ഇടയാക്കാനും ചികിത്സയിൽ പിഴവുകൾ വരുത്താനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട ലാബുകൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നാണ് വിവരം.