മഹാരാഷ്ട്രയിൽ ഡ്രൈ ഡേ നയത്തിൽ വൻ മാറ്റം? ഹോളിയും ഗാന്ധി ജയന്തിയും ഇനി ‘വെറ്റ് ഡേ’ ആകുമോ!

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്രയിൽ 2026-ലെ ചില “ഡ്രൈ ഡേ” ദിവസങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇതനുസരിച്ച്, ഇതുവരെ മദ്യം വിൽപ്പന നിരോധിച്ചിരുന്ന ഹോളി, മുഹറം, ഗാന്ധി ജയന്തി തുടങ്ങിയ ദിവസങ്ങളിൽ ലൈസൻസുള്ള മദ്യവിൽപ്പനശാലകൾ തുറക്കാൻ അനുമതി നൽകുന്നതിനെ കുറിച്ച് സർക്കാർ പരിഗണിക്കുന്നുവെന്നാണ് വിവരം.

 

അവധി ദിവസങ്ങളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കുമ്പോൾ അനധികൃത മദ്യവിൽപ്പന വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നയം പുനഃപരിശോധിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിയന്ത്രിതവും നിയമാനുസൃതവുമായ വിൽപ്പന അനുവദിക്കുന്നതിലൂടെ കള്ളവിപണി കുറയ്ക്കാനും സർക്കാർ വരുമാനം വർധിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

 

എന്നാൽ മതപരവും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളിലുളള ഈ മാറ്റം സാമൂഹിക-രാഷ്ട്രീയ തലത്തിൽ ചർച്ചയ്ക്കും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഗാന്ധി ജയന്തി പോലുള്ള ദിവസങ്ങളിൽ മദ്യവിൽപ്പന അനുവദിക്കുന്നതിനെതിരെ ചില വൃത്തങ്ങൾ പ്രതികരണം ഉയർത്തിയിട്ടുണ്ട്.

 

ഇതുവരെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. തീരുമാനം നടപ്പിലായാൽ മഹാരാഷ്ട്രയിലെ ഡ്രൈ ഡേ നയത്തിൽ വലിയ മാറ്റമാകും സംഭവിക്കുക.

You may also like