മുംബൈ: മാർത്തോമ്മാ സഭ മുംബൈ ഭദ്രാസനത്തിന്റെ 20-ാം കൺവൻഷൻ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ച രണ്ട് പ്രധാന പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.ഫെബ്രുവരി 23ന് രാവിലെ 11.30ന് പൻവേലിലെ ഭദ്രാസനത്തിന്റെ സ്ഥലത്ത്, മുംബൈയിലെ ടാറ്റാ ആശുപത്രിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഹോസ്പീസ് സെന്ററിന്റെ ശിലാസ്ഥാപനം നടക്കും. മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്ത ചടങ്ങ് നിർവ്വഹിക്കും. ടാറ്റാ മെമ്മോറിയൽ സെന്റർ ആക്ട്രെക് ഡയറക്ടർ ഡോ. പങ്കജ് ചതുർവേദി, ഭദ്രാസന സെക്രട്ടറി വെരി റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റി വി. പി. സൈമൺ എന്നിവർ പങ്കെടുക്കും.ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ ബാധിച്ച് ചികിത്സാ സാധ്യതകൾ അവസാനിച്ച നിരാലംബരായ രോഗികൾക്ക് ആശ്വാസവും കരുണാസ്പർശവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹോസ്പീസ് സെന്റർ ആരംഭിക്കുന്നത്.തുടർന്ന് വൈകിട്ട് 3.30ന് ലോണാവാലയിലെ മാർത്തോമ്മാ ക്യാമ്പ് സെന്ററിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മെത്രപ്പോലീത്ത നിർവ്വഹിക്കും. ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ, സെക്രട്ടറി വെരി റവ. തോമസ് കെ. ജേക്കബ്, ട്രസ്റ്റി വി. പി. സൈമൺ, സഭ-ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിശ്വാസ സമൂഹം എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
