മുംബൈ: ആർ.എസ്.എസ് പ്രവർത്തകൻ 2014ൽ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭിവണ്ടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. പുതിയ ജാമ്യക്കാരനായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കലിന്റെ പേര് അദ്ദേഹം സമർപ്പിച്ചു. സപ്കലും മറ്റ് മുതിർന്ന നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.
താനെ ജില്ലയിലെ കോടതിയിലേക്ക് പോകുന്നതിനിടെ മുളുണ്ട് ടോൾ പ്ലാസയിൽ ബിജെപി പ്രവർത്തകർ രാഹുലിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. ഡൽഹിയിൽ നടന്ന എ.ഐ. ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായക്ക് ക്ഷതം വരുത്തിയെന്നാരോപിച്ചായിരുന്നു നടപടി.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണാലെയിൽ നടത്തിയ പ്രസംഗത്തിൽ ഗാന്ധി വധത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് രാജേഷ് കുന്ദെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. 2016ൽ മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ ജാമ്യക്കാരനായാണ് രാഹുലിന് ജാമ്യം ലഭിച്ചത്. പാട്ടീൽ കഴിഞ്ഞ ഡിസംബർ 12ന് അന്തരിച്ചതിനെ തുടർന്ന് പുതിയ ജാമ്യക്കാരൻ ആവശ്യമായി വന്നു.
പുതിയ ജാമ്യബോണ്ട് സമർപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ 15 മിനിറ്റിനകം പൂർത്തിയാക്കി രാഹുൽ മുംബൈയിലേക്ക് മടങ്ങി. കേസ് ഏപ്രിൽ 4ന് പരിഗണനയ്ക്ക് മാറ്റി.