മുംബൈ : മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനതാവളത്തിൽ ‘ഉഡാൻ യാത്രി കഫേ’ പ്രവർത്തനം തുടങ്ങി. ടെർമിനൽ 2-ൽ ആരംഭിച്ച കഫേയിൽ ചായ, കാപ്പി, കുടിവെള്ളം എന്നിവ ₹10 മുതൽ ലഭിക്കും. സാധാരണ യാത്രക്കാരെ മുൻനിർത്തി കുറഞ്ഞ നിരക്കിൽ ഭക്ഷണവും പാനീയവും നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അതേസമയം, നവി മുംബൈ ഇന്റർനാഷണൽ എയർപോർടിൽ ‘ഡിജിയാത്ര’ സേവനവും ആരംഭിച്ചു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രക്കാർക്ക് രേഖകൾ കാട്ടാതെ വേഗത്തിൽ ടെർമിനലിലേക്ക് പ്രവേശിക്കാനാകും.
കേന്ദ്ര വ്യോമയാന മന്ത്രിയായ രാം മോഹൻ നായ്ഡു ഫെബ്രുവരി 20 ന് പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കൊയമ്പത്തൂർ, സൂറത്ത്, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലുമാണ് ഉഡാൻ യാത്രി കഫേകൾ ആരംഭിച്ചത്.
വിലക്കുറഞ്ഞ ഭക്ഷണവും സാങ്കേതിക സൗകര്യവും ഒരുമിച്ച് എത്തിച്ചതോടെ യാത്രക്കാരുടെ അനുഭവം കൂടുതൽ ലളിതമാകുമെന്ന് അധികൃതർ അറിയിച്ചു.