മുംബൈ : മഹാദേവനെ മനസിൽ ധ്യാനിച്ച് വിശ്വാസികൾ ഇന്നലെ ശിവരാത്രി ആഘോഷിച്ചു. കൂവള ഇലകൾ ശിവന് അർപ്പിച്ചും ഉപവാസമനുഷ്ഠിച്ചും രാത്രി ഉറക്കമൊഴിഞ്ഞും ‘ഓം നമഃശിവായ’ ജപിച്ച് ശിവപൂജ ചെയ്തും വ്രതമെടുത്തവർ ആത്മനിർവൃതി തേടി.
നഗരത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ നടന്നു. ശിവക്ഷേത്രങ്ങളിൽ പ്രത്യക പൂജയും ധാരയുമുണ്ടായിരുന്നു.

താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെയായിരുന്നു ശിവരാത്രി ആഘോഷം.
താനെയിലെ തന്നെ പ്രശസ്ത അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ വൻ ഭക്ത ജന തിരക്കാണ് ഇന്നലെ രാവിലെ മുതൽ അനുഭവപ്പെട്ടത്.
ക്ഷേത്രത്തിൽ രാത്രിവരെയും വിശേഷാൽ പൂജകളും മറ്റും നടന്നു. തിരക്ക് നിയന്ത്രിക്കാൻ ഭാരവാഹികൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു.
അതേസമയം എല്ലാ വർഷത്തെയും പോലെ ഈ വർഷവും ക്ഷേത്ര പരിസരത്ത് മുംബൈ മലയാളി സമാജം താനെ ഭാരവാഹികൾ ആയിരക്കണക്കിന് ഭക്തർക്ക് സർബത്ത് വിതരണം ചെയ്തു.
