മീരാ ഭയന്ദർ: മലയാള ഭാഷാ പ്രചാരണ സംഘം മീരാ ഭയന്ദർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷമായ ‘കേരളീയം 2026’ ഇന്ന് (നവംബർ 1, ഞായർ) നടക്കും. മീരാ റോഡിലെ ലതാ മങ്കേഷ്കർ ഹാളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാള ഭാഷയുടെ പ്രചാരണത്തിനും കേരളത്തിന്റെ കലാ-സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ ഫെയിം ദിൽരാജ് ഗോപി, സ്വർണ കെ.എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്നാണ് ആഘോഷത്തിലെ പ്രധാന ആകർഷണം. കൂടാതെ മീരാ റോഡിലെ കലാകാരികൾ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, എ7 ഡാൻസ് അക്കാദമിയുടെ സിനിമാറ്റിക് ഡാൻസ്, വില്ല്യാപ്പിള്ളി ചൂരക്കൊടി കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനം എന്നിവയും വേദിയിലെത്തും.
പരിപാടിയുടെ ഭാഗമായി 15-ാമത് മലയാളോത്സവത്തിന്റെ അവതരണഗാന പ്രകാശനവും നടക്കും. സംഘാടക സമിതി രക്ഷാധികാരി ഐ.പി. സജി, ചെയർമാൻ പ്രവീൺ നായർ, ജനറൽ കൺവീനർ കെ.വി. കുഞ്ഞികൃഷ്ണൻ, മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് ശ്രീകല നമ്പ്യാർ, സെക്രട്ടറി വിനോദ് നായർ എന്നിവരാണ് പരിപാടിയുടെ വിശദാംശങ്ങൾ അറിയിച്ചത്. മലയാള ഭാഷയോടും സംസ്കാരത്തോടും സ്നേഹമുള്ള എല്ലാ കലാസ്വാദകരെയും ‘കേരളീയം 2026’-ലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.