മുംബൈ : മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ധരണി ഘാട്ടിൽ ഉണ്ടായ ദാരുണ റോഡ് അപകടത്തിൽ അഞ്ചുപേർ മരിച്ചു. പത്ത് പേരിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റാനിഗാവൺ–ശിവാജിനഗർ ഘട്ട് റോഡിലാണ് അപകടം നടന്നത്.
മധ്യപ്രദേശിലെ ദേദ്തലൈയിൽ നടന്ന ആഴ്ച്ചച്ചന്തയിൽ നിന്ന് മടങ്ങുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ആളുകളെ കയറ്റി സഞ്ചരിച്ചിരുന്ന പിക്‌അപ്പ് വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെട്ട് ഏകദേശം 50 അടി താഴെയുള്ള കുഴിയിലേക്ക് പതിച്ചതാണ് ദുരന്തത്തിന് കാരണം.
അപകടം നടന്ന ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് പൊലീസും അടിയന്തര സേവന വിഭാഗവും സ്ഥലത്തെത്തി പരിക്കേറ്റവരെ ധരണി ഉപജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡ്രൈവറുടെ നിയന്ത്രണക്കുറവോ ഘട്ട് റോഡിലെ അപകടകരമായ വളവുകളോ ദുരന്തത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു.