വിദ്യാഭ്യാസം, മനഃശാസ്ത്രം, സാഹിത്യം, ഹോളിസ്റ്റിക് ഹീലിംഗ് എന്നീ മേഖലകളിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ഡോ. മിനി തോമസിന് ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റിയുടെ ആദരവ്. 2026 ജൂലൈ 20-നാണ് ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റി (Lusiana Research University) മിനി തോമസിന് ഡോകടറേറ്റ് (Honorary Doctorate) സമ്മാനിച്ചത്. അധ്യാപനം, മാനസികാരോഗ്യം, വ്യക്തിത്വ വികസനം, സാമൂഹിക സേവനം എന്നിവയിലെ ദീർഘകാലത്തെ സമർപ്പിത പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ അപൂർവ്വ അംഗീകാരം.
അധ്യാപന രംഗത്ത് 33 വർഷത്തെ അനുഭവസമ്പത്തുള്ള മിനി തോമസ്, കഴിഞ്ഞ 23 വർഷമായി വിദ്യാ വികാസിനി ജൂനിയർ കോളേജിൽ ലക്ചററായി സേവനമനുഷ്ഠിച്ച് വരികയാണ്. നിലവിൽ വസായിലെ അന്തർനാദ് കൗൺസിലിംഗ് സെന്ററിൽ ഹൈപ്നോതെറാപ്പിസ്റ്റായും പ്രവർത്തിക്കുന്നു. കൗൺസിലിംഗ്, ഹൈപ്നോതെറാപ്പി, റെയ്കി, ഹോളിസ്റ്റിക് ഹീലിംഗ് എന്നിവ സംയോജിപ്പിച്ച് മാനസിക സമ്മർദ്ദം, ഉത്കണ്ഠ, പഠന-ഏകാഗ്രത പ്രശ്നങ്ങൾ, വ്യക്തിബന്ധങ്ങളിലെ വെല്ലുവിളികൾ എന്നിവ നേരിടുന്ന നിരവധിയാളുകൾക്ക് ഇവർ ആശ്വാസമേകുന്നു. രണ്ടു മലയാള കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച എഴുത്തുകാരി കൂടിയാണ് ഇവർ.
മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA), മുംബൈ ടെക്നിക്കൽ ബോർഡിന്റെ ADCSSA, ക്ലിനിക്കൽ സൈക്കോളജിയിൽ എം.എ, ഹൈപ്നോതെറാപ്പി അഡ്വാൻസ്ഡ് ഡിപ്ലോമ, റെയ്കി ഗ്രാൻഡ്മാസ്റ്റർ, മിഡ്‌ബ്രെയിൻ ആക്ടിവേഷൻ കോച്ച് തുടങ്ങി നിരവധിയായ പ്രൊഫഷണൽ യോഗ്യതകൾ ഡോ. മിനി തോമസിനുണ്ട്. പൈപ്പാട് നാലുകോടി വെട്ടിക്കാട്ട് പുത്തൻപറമ്പിൽ തോമസ് വർഗീസിന്റെ ഭാര്യയാണ്.
ഓണററി ഡോക്ടറേറ്റ് ലഭിച്ച ഡോ. മിനി തോമസിനെ പ്രതീക്ഷ ട്രസ്റ്റ് സാഹിത്യ ശിൽപശാലയുടെ കൺവീനർമാർ ബൊക്കെയും പൊന്നാടയും നൽകി ചടങ്ങിൽ അനുമോദിച്ചു.